ഒമാനില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചത്.

എന്നാല്‍, പോംപിയോയുടെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണ് അമേരിക്ക ആരോപണമുന്നയിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് പറഞ്ഞു. അമേരിക്ക-ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന അതേ വേളയിലാണ് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇതെല്ലാം സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണ് എന്നു തന്നെയാണ് യുഎസ് നിഗമനം. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ഉപയോഗിച്ച ആയുധം, പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്നു. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

സൗദിയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് നിന്ന് ജൂണ്‍ 10ന് പുറപ്പെട്ട കൊക്കുവ കറേജ്യസ് എണ്ണ കപ്പലിന് നേരയാണ് ആക്രമണം ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്സ് എന്ന കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരുക്കുണ്ടെന്നും കപ്പല്‍ ഉടമകളായ ബിഎസ്എം ഷിപ് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു.ജൂണ്‍ 22ന് ഈ കപ്പല്‍ സിംഗപ്പൂരില്‍ എത്തിച്ചേരേണ്ടിയിരുന്നതാണ്. കപ്പലില്‍ ഉണ്ടായിരുന്ന മെഥനോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍.

തായ്വാന്റെ ദേശീയ എണ്ണ കോര്‍പറേഷനായ സിപിസി കോര്‍പിന്റെ എണ്ണ ടാങ്കറിനു നേരെയാണ് മറ്റൊരു ആക്രമണം. ഫ്രണ്ട് ഓള്‍ട്ടെയര്‍ എന്ന കപ്പലില്‍ 75,000 ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്.കപ്പല്‍ ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ഇന്ധനം കയറ്റി തായ്വാനിലേക്ക് പുറപ്പെട്ടതായിരുന്നു .ജൂണ്‍ 30ന് തായ്വാനില്‍ എത്തിച്ചേരേണ്ടതായിരുന്നു ഈ കപ്പല്‍.

ടാങ്കറുകളിലുള്ള മെഥനോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍.കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. യുഎഇയിലെ റുവൈസില്‍ നിന്ന് മടങ്ങവെയായിരുന്നു ആക്രമണം.

Top