ലക്ഷ്യം കാണാതെ പിന്നോട്ടില്ല ; സിറിയയില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കില്ല

ന്യൂയോര്‍ക്ക്: സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. പിന്മാറ്റം ഉപാധികളോടെയായിരിക്കുമെന്നും പോരാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം വേഗത്തിലാക്കുന്നതെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി.

അമേരിക്കയുടെ ലക്ഷ്യങ്ങള്‍ നടപ്പിലായാല്‍ മാത്രമേ സേനയെ പിന്‍വലിക്കു. ഐഎസിനെ മേഖലയില്‍ പൂര്‍ണമായും ഇല്ലാതാക്കുക, വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സുരക്ഷ സംബന്ധിച്ച് തുര്‍ക്കിയുടെ ഉറപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് ജോണ്‍ ബോള്‍ട്ടന്റെ പ്രതികരണം.

ഡിസംബര്‍ 18നാണ് സിറിയയില്‍ നിന്ന് ഉടന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതിരെ സഖ്യകക്ഷികളില്‍ നിന്ന് പോലും ട്രംപിന് വിമര്‍ശനം നേരിടേണ്ടി വന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജയിംസ് മാറ്റിസും ബ്രറ്റ് മകഗര്‍ക്കും രാജിവച്ചിരുന്നു.

നിലവില്‍ രണ്ടായിരത്തോളം യുഎസ് സൈനികരാണു സിറിയയിലുള്ളത്. ഐഎസിനെതിരെ പോരാടുന്ന കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന് (എസ്ഡിഎഫ്) പരിശീലനം നല്‍കുകയാണ് യുഎസ് സൈന്യം ചെയ്യുന്നത്.

യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുന്നില്ല. സിറിയയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ചാലും ഇറാഖിലുള്ള 5200 സൈനികര്‍ തുടരും. 2014 ല്‍ ഐഎസ് ഇറാഖിലെയും സിറിയയിലെയും വലിയൊരു ശതമാനം ഭൂപ്രദേശം പിടിച്ചടക്കിയിരുന്നു.

Top