ചൈനക്ക് ദേഷ്യം വരുന്നതറിയാൻ ടെക്‌നോളജിയുമായി അമേരിക്ക

ന്തൊക്കെ കാര്യങ്ങൾ ചൈനയ്ക്ക് ദേഷ്യം വരുത്തുന്നതാണ്? ഇതു കണ്ടുപിടിക്കണമെന്ന് യുഎസിന് വല്ലാത്ത ആഗ്രഹം. ഇതു കണ്ടെത്താൻ ചൈനീസ് ഭരണകൂടവുമായി ബന്ധം പുലർത്തുന്നവരോടോ അല്ലെങ്കിൽ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരോടോ ഒക്കെ രഹസ്യാഭിപ്രായം തേടുകയാണു പഴയ രീതി. എന്നാൽ ഇക്കാര്യത്തിൽ നവീന രീതിയുമായി വന്നിരിക്കുകയാണു യുഎസ്. എന്തൊക്കെ കാര്യങ്ങളിൽ ചൈനയ്ക്ക് ദേഷ്യം വരുമെന്നറിയാൻ നിർമിത ബുദ്ധിയിൽ (ആർട്ടിഫിഷൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന ഒരു നവീന സോഫ്റ്റ്‌വെയർ യുഎസ് സൈന്യം വികസിപ്പിച്ചതായാണു വിവരം.

വാർത്താ ഏജൻസി റോയിട്ടേഴ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം , യുഎസ് പ്രതിരോധ സെക്രട്ടറി കഴിഞ്ഞ  ചൊവ്വാഴ്ച ഹവായിയിലെ യുഎസ് സൈന്യത്തിന്റെ ഇൻഡോ–പസിഫിക് കേന്ദ്രം സന്ദർശിക്കുകയും ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇവിടെയാണ് ഇതിന്റെ നി‍ർമാണ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.

സ്ട്രാറ്റജിക് ഫ്രിക്‌ഷൻ എന്ന മാനദണ്ഡത്തിലാണു സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലുള്ള ഡേറ്റ സംഭരിച്ച് അതു വിലയിരുത്തുകയാണു സോഫ്റ്റ്‌വെയർ ചെയ്യുന്നത്. ചൈനയ്ക്ക് വിപരീതമായുള്ള യുഎസ് പ്രവർത്തനങ്ങൾ, അതിൽ ചൈനയുടെ പ്രതികരണങ്ങൾ എന്നിവയാണു പ്രധാനമായും വിലയിരുത്തുന്നത്. ആഗോള നയതന്ത്രത്തിൽ ഇത്രനാളും ഇല്ലാതിരുന്ന ഈ പുതുരീതി ഭാവിയിൽ പ്രതിരോധത്തിനും ആർട്ടിഫിഷൽ ഇന്റലിജൻസ് എത്രത്തോളം പ്രാധാന്യമുള്ളതാകുമെന്നു സൂചിപ്പിക്കുന്നതാണ്.

അടുത്തിടെയായി തയ്‌വാൻ വിഷയത്തിൽ യുഎസും ചൈനയും കൊമ്പുകോർക്കൽ തുടരുകയാണ്. തയ്‌വാന്റെ പരമാധികാരത്തെ ഒട്ടും മാനിക്കാതെ ആ രാജ്യം തങ്ങളുടേതാണെന്നും എപ്പോൾ വേണമെങ്കിലും ആക്രമിക്കുമെന്നും പറഞ്ഞു നിൽക്കുകയാണ് ചൈന. എന്നാൽ തയ്‌വാനു വലിയ പിന്തുണയാണു യുഎസ് കൊടുക്കുന്നത്. പസിഫിക് സമുദ്രത്തിലെ തെക്കൻ ചൈനാക്കടൽ ഇരുപക്ഷത്തിന്റേയും ശക്തി പ്രകടനങ്ങളുടെ വേദിയായി മാറിയിട്ടുണ്ട്. യുഎസ് ഇടതടവില്ലാതെ തങ്ങളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് അയയ്ക്കുന്നുണ്ട്. കൂടാതെ തങ്ങളുടെ സുഹൃദ്‌രാജ്യങ്ങളുടെ നാവികസേനകളെയും ഇവിടേക്കു കൊണ്ടുവരുന്നു. ഇതിൽ വലിയ അലോസരമാണു ചൈന പ്രകടിപ്പിക്കുന്നത്.

പുതുതായി വികസിപ്പിച്ച എഐ ടൂൾ ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കുന്നുണ്ട്. തയ്‌വാനിലേക്ക് ഇടയ്ക്കിടെ യുഎസ് മിലിട്ടറി, സിവിലിയൻ ഉന്നത ഓഫിസർമാരും നയതന്ത്രജ്ഞരുമൊക്കെ സന്ദർശനം നടത്തുന്നുണ്ട്. ഇതു ചൈനയെ എത്രകണ്ട് പ്രകോപിപ്പിക്കുന്നു?തെക്കൻ ചൈനാക്കടലിലെ നാവിക വിന്യാസം എത്രത്തോളം അവരെ രോഷാകുലരാക്കുന്നു തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ നോക്കിയാണു ടൂൾ പ്രവർത്തിക്കുന്നത്.

ദേഷ്യം കൂടിക്കൂടി യുദ്ധസമാനമായ സാഹചര്യങ്ങളുണ്ടായാൽ യുഎസിന് അതു 4 മാസം മുൻപെങ്കിലും അറിയാൻ ടൂൾ വഴിയൊരുക്കുമത്രേ. തയാറെടുക്കാൻ ഇത്രയും സമയം കിട്ടുന്നത് പടക്കളത്തിൽ തങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു.

Top