തായ്‌വാൻ കടലിടുക്കിൽ യുഎസ് യുദ്ധക്കപ്പലുകൾ നീങ്ങിയതായി റിപ്പോർട്ട്

തായ്പേയി: ചൈന- തായ്വാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ യുഎസ് നേവിയുടെ രണ്ട് പടക്കപ്പലുകള്‍ ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലൂടെ നീങ്ങിയതായി റിപ്പോര്‍ട്ട്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ സംജാതമായത്. യുഎസ് ആന്റിറ്റം, യുഎസ്എസ് ചാൻസെല്ലോർസ്‌വില്ലെ എന്നീ കപ്പലുകളാണ് തായ്വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ചത്.

ഇത് സ്വഭാവികമായ നീക്കമാണെന്നാണ് യുഎസ് ഏഴാം കപ്പല്‍പ്പട വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ സഞ്ചാരത്തിലാണ് ഈ കപ്പലുകലുകൾ എന്നും തായ്വാന്‍ തീരത്തിലും പ്രാദേശിക കടലിന് അപ്പുറത്തുള്ള കടലിടുക്കിലെ ഇടനാഴിയിലൂടെയാണ് കപ്പലുകള്‍ സഞ്ചരിച്ചതെന്നുമാണ് യുഎസ് പ്രസ്താവനയിൽ പറയുന്നത്.

യുഎസ് ഹൌസ് സ്പീക്കറുടെ തായ്വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ചൈനീസ് ഭീഷണികൾ നിലനില്‍ക്കുകയാണ്. ചൈന, തായ്വവാന്‍ കടലിടുക്കിൽ നിരവധി സൈനികാഭ്യാസങ്ങൾ നടത്തി വരുന്നതിനിടെയാണ് യുഎസ് കപ്പലുകളുടെ സഞ്ചാരം എന്നത് ശ്രദ്ധേയമാണ്.

പെലോസിയുടെ സന്ദർശനത്തിന് ശേഷം തായ്‌വാൻ കടലിടുക്കില്‍ തായ്വാനെ ചുറ്റി ചൈന നിരവധി യുദ്ധക്കപ്പലുകൾ അണിനിരത്തിയിരുന്നു. കൂടാതെ യുദ്ധവിമാനങ്ങൾ അയയ്ക്കുകയും, ദീർഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്ന് വാദിക്കുന്ന ചൈന അടുത്ത കാലത്ത് വലിയതോതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവമാണ് നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം.

നാവിഗേഷൻ പരിശോധനയുടെ ഭാഗം എന്ന പേരില്‍ യുഎസ് നേരത്തെയും തായ്‌വാൻ കടലിടുക്കിലൂടെ കപ്പലുകൾ അയച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലെ പുതിയ സംഘര്‍ഷാവസ്ഥയില്‍ രണ്ട് യുഎസ് കപ്പലുകളുടെ കടന്നുപോക്ക് ചൈന ഏത് രീതിയില്‍ എടുക്കും എന്നത് നിര്‍ണ്ണായകമാണ്. 100 മൈൽ വീതിയുള്ള (160 കിലോമീറ്റർ വീതി) കടലിടുക്കാണ് തായ്‌വാനെ ചൈനയിൽ നിന്ന് വേർതിരിക്കുന്നത്.

Top