US warns military attack in South Africa

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്നും അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്കയുടെ മുന്നറിയിപ്പ്. ഇവിടുത്തെ ചില യു.എസ് കേന്ദ്രങ്ങളിലും ഷോപ്പിങ്ങ് മാളുകളും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയിലെ യു.എസ് എംബസിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്. കഴിഞ്ഞ സെപ്തംബറിലും എംബസി ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിരവധി ഷോപ്പിങ്ങ് മാളുകളും മറ്റ് വാണിജ്യ കേന്ദ്രങ്ങളുമുള്ള ജോഹന്നാസ് ബര്‍ഗ്, കേപ് ടൗണ്‍ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് എംബസി പറയുന്നത്.

റംസാന്‍ തുടങ്ങുന്നതിന് മുന്‍പായി ലോകത്തിന്റ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞ മാസം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു നേതാവ് അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ അമേരിക്കയുടെ മുന്നറിയിപ്പില്‍ യാതൊരു കഴമ്പുമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ വാദം.

Top