യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കുന്ന ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിങ്ടണ്‍: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കുന്ന ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയോട് സൈനിക സഹായം നല്‍കാന്‍ റഷ്യ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥര്‍ ഒന്നിലധികം വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ക്കായി റഷ്യ ചൈനയെ സമീപിച്ചുവെന്ന് വാഷിംഗ്ടണ്‍ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാനായി റഷ്യ ചൈനയുമായി നേരിട്ടും സ്വകാര്യമായും സംസാരിച്ചിട്ടുണ്ടെന്ന് സിഎന്‍എന്നുമായുളള അഭിമുഖത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജേക് സുളളിവന്‍ പറഞ്ഞു.

സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ലോകത്ത് എവിടെ നിന്നും സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ് റഷ്യന്‍ നേതാവ് വഌദിമിര്‍ പുടിന്‍ ‘എന്തോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന്’ ചൈനക്ക് അറിയാമായിരുന്നുവെന്ന് അമേരിക്ക വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ബീജിംങിന് അതിന്റെ പൂര്‍ണ്ണ വ്യാപ്തി മനസ്സിലായിട്ടുണ്ടാകില്ല എന്നും ജേക് സുളളിവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചൈനയോട് സൈനിക സഹായം ആവശ്യപ്പെട്ടന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ചൈനയില്‍ നിന്ന് സഹായം വാങ്ങുന്നതിനുളള ഗതികേടില്ലെന്നും റഷ്യ പറഞ്ഞു.

യുഎസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അമേരിക്ക തെറ്റായ വിവരമാണ് പരത്തുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി ആരോപിച്ചു. യുഎസിന്റേയും ചൈനയുടേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായിരുന്നു റഷ്യയുടേയും ചൈനയുടേയും വിശദീകരണം.

Top