ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ അനുഭവിക്കും, ഒടുവിൽ അമേരിക്കയും പാക്കിസ്ഥാനോട്

നി ഒരു ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പില്‍ ഞെട്ടി പാക്കിസ്ഥാന്‍. വ്യക്തമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ഇപ്പോള്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാനില്‍ കടന്നു കയറി ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത് പോലെ ആയിരിക്കില്ല ഇനിയുള്ള ആക്രമണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരതാവളങ്ങള്‍ തകര്‍ത്തതിന് തിരിച്ചടിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്ക അപ്രതീക്ഷിത മുന്നറിയിപ്പ് പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത്. ഇതിനിടെ വ്യാഴാഴ്ച്ച കാശ്മീര്‍ താഴ്‌വരയിലെ സോപോറില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടത് സ്ഥിതി വീണ്ടും സങ്കീര്‍ണമാക്കിയിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി കടലാസില്‍ മാത്രം ഒതുക്കിയാല്‍ സ്ഥിതി കൈവിട്ട് പോകുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഭീകര ഗ്രൂപ്പുകളെ നിയന്ത്രിച്ചതായും അവരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതായും ഉള്ള പാക്ക് പ്രഖ്യാപനം അമേരിക്ക പോലും മുഖവിലക്കെടുക്കുന്നില്ലെന്നതിന്റെ സൂചനയാണ് പുതിയ പ്രതികരണം.

ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലന്ന് പ്രചരിപ്പിച്ച പാക്കിസ്ഥാന് പിന്നീട് തെളിവുകള്‍ പുറത്ത് വന്നത് വലിയ തിരിച്ചടിയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളെ പാക്ക് സൈന്യം ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭീകരരും പാക്ക് സൈനികരും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നതായിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് തുളച്ച് കയറി മീറ്ററുകളോളം ഭൂമിക്കടിയില്‍ തുരന്നെത്തി പൊട്ടുന്ന അത്യാധുനിക ലേസര്‍ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചിരുന്നത്.ഈ ആയുധത്തിന്റെ പ്രഹര ശേഷി വെച്ച് നോക്കിയാല്‍ അവിടെ ഉണ്ടായിരുന്ന സകലരും ചാമ്പലായി കാണുമെന്നാണ് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ആക്രമണം നടത്തിയ സ്ഥലത്തേക്ക് വിദേശ മാധ്യമങ്ങളെ ക്ഷണിച്ച പാക്കിസ്ഥാന്‍ പിന്നിട് സന്ദര്‍ശനാനുമതി നിഷേധിച്ചത് പറഞ്ഞ കള്ളം പാക്ക് മണ്ണില്‍ തന്നെ പൊളിയുമെന്ന് ഭയന്നായിരുന്നു. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണത്തിന് ശ്രമിച്ച പാക്ക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെ പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വിട്ടയച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമായിരുന്നു എന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ആ വൈമാനികന്‍ പാക്കിസ്ഥാനില്‍ പെട്ടില്ലായിരുന്നുവെങ്കിലും ഇന്ത്യ ആക്രമിക്കുമായിരുന്നു. ഇക്കാര്യം തങ്ങള്‍ക്ക് വ്യക്തമായിരുന്നു എന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ദരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബാലക്കോട്ടെ ബോംബാക്രമണത്തിന് മുന്‍പ് തന്നെ കര – നാവിക സേനകളെയും ആണവ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ള കപ്പല്‍ പടയെയും ഇന്ത്യ നിയോഗിച്ചത് പേടിപ്പിക്കാനല്ല, ആക്രമിക്കാന്‍ തന്നെ ഉദ്യേശിച്ചാണെന്നാണ് വിലയിരുത്തല്‍. പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണം അത്രയധികം ഇന്ത്യയുടെ ക്ഷമ നശിപ്പിച്ചിരുന്നുവെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഈ അപകടം മുന്‍കൂട്ടി കണ്ടാണ് പാക്കിസ്ഥാന്‍ തടവിലായ ഇന്ത്യന്‍ വൈമാനികനെ വിട്ടു നല്‍കാന്‍ പാക്ക് ഭരണകൂടം തീരുമാനിച്ചിരുന്നത്. അതും ഇന്ത്യന്‍ കര – നാവിക – വ്യോമ സേനകളുടെ പത്ര സമ്മേളനത്തിന് തൊട്ടു മുന്‍പ്.

സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണ്ണ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ലോക രാഷ്ട്രങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ചൈനക്ക് പോലും പരസ്യമായി ഇക്കാര്യത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. റഷ്യയുടെ ഇടപെടലാണ് ഇതിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

പാക്ക് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം തുടര്‍ന്നാല്‍ പാക്കിസ്ഥാനില്‍ കയറി വീണ്ടും ആക്രമിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. പ്രത്യാക്രമണം ഭയന്ന് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ കൂടുതല്‍ പടിഞ്ഞാറേക്ക് മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെ കൃത്യമായ ലക്ഷ്യങ്ങളില്‍ കടന്നാക്രമിക്കാന്‍ ആധുനിക മിസൈലുകള്‍ ഉപയോഗിക്കാനാണ് വ്യോമസേനയുടെ നീക്കം.

പാകിസ്ഥാനിലെ ഫെഡറലി അഡ്മിനിസ്ട്രേറ്റഡ് ട്രൈബല്‍ ഏരിയയിലേക്കാണ് ഭീകരര്‍ താവളം മാറ്റിയിരിക്കുന്നത്. അതേ സമയം പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമാക്കുകയും ചെയ്യുന്ന ഓപ്പറേഷനാണ് ഇന്ത്യ ആത്യന്തികമായി ലക്ഷ്യമിടുന്നതെന്ന വികാരം പാക്കിസ്ഥാനിലും ഇപ്പോള്‍ വ്യാപകമാണ്.

Top