പാക്കിസ്ഥാന് യുദ്ധ മുന്നറിയിപ്പുമായി യുഎസ് ; ഭീകരരെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ കടുത്ത നടപടി

trump

വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പാക്കിസ്ഥാന് യുഎസിന്റെ മുന്നറിയിപ്പ്. താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ യുഎസ് ‘എല്ലാ വഴികളും’ പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കി. ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലാതാക്കണമെന്നാണ് പാക്കിസ്ഥാന് യുഎസ് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

പാക്കിസ്ഥാനു വര്‍ഷംതോറും നല്‍കിവരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനുപിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായി സുരക്ഷാ വിഷയം മാത്രമല്ല യുഎസ് ഉന്നയിക്കുന്നതെന്നും ഭീകരസംഘടനകളെ ഉന്മൂലം ചെയ്തില്ലെങ്കില്‍ യുഎസിന്റെ മുന്നില്‍ മറ്റുപല വഴികളുമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ അമേരിക്ക നല്‍കിയിരുന്ന സാമ്പത്തിക, സൈനിക സഹായങ്ങള്‍ അവസാനിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവി ഹെയ്തര്‍ നവോര്‍ട്ട് അറിയിച്ചിരുന്നു.

പാക്കിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്‍, ഹക്വനി എന്നിവയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന്കണ്ടെത്തിയതോടെ പാക്കിസ്ഥാനുമായുള്ള ഉന്നതതല സഹകരണത്തിന്റെ സന്നദ്ധത അമേരിക്ക പിന്‍വലിച്ചത്.

ആയുധങ്ങളോ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ പാക്കിസ്ഥാന് നല്‍കില്ല. എന്നാല്‍, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ചില വിട്ടുവീഴ്ച ചെയ്യുമെന്നും വക്താവ് അറിയിച്ചിരുന്നു.

പാക്കിസ്ഥാന്‍ ഭീകരവാദത്തെ നേരിടുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ശരിയല്ലെന്നും, കൂടുതല്‍ ശക്തമായ നടപടികളാണ് നടപ്പിലാക്കേണ്ടതെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുതുവര്‍ഷത്തിലും പാക്കിസ്ഥാനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാക്കിസ്ഥാന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

പാക്കിസ്ഥാന്‍ 2002 മുതല്‍ അമേരിക്കയില്‍ നിന്ന് സഹായം സ്വീകരിക്കുന്നുണ്ട്. എന്നാല്‍, ഇനികൊടുക്കാനുള്ള 25.5 കോടി ഡോളര്‍ മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനും പിന്തുണ നല്‍കണമെന്നും, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കണമെന്നുമാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്.

Top