അഫ്ഗാന്റെ സമാധാനം ലക്ഷ്യം, തീവ്രവാദികൾക്കെതിരെ പാക്ക് പ്രവർത്തിക്കണം; യുഎസ്

US wants

വാഷിംഗ്‌ടൺ : അഫ്ഗാനിസ്ഥാനിൽ നിരന്തരമായി നടക്കുന്ന തീവ്രവാദ അക്രമണങ്ങൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക. ഇത്തരത്തിൽ പാക്കിസ്ഥാൻ പ്രവർത്തിച്ചാൽ അഫ്ഗാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും , തീവ്രവാദ ഭീഷണി തുടച്ചുനീക്കാമെന്നും അമേരിക്ക വ്യക്തമാക്കി.

പാക്കിസ്ഥാൻ ഭരണകൂടത്തോട് ഇതുസംബന്ധിച്ച വിവരം നൽകിയിട്ടുണ്ടെന്ന് യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ ജെ.സള്ളിവന്‍ പറഞ്ഞു. കാബൂളിലെ സന്ദർശനത്തിന് ശേഷമാണ് ഡെപ്യൂട്ടി സെക്രട്ടറി ഈക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്ര തീവ്രവാദത്തിന്റെ പിടിയിൽ നിൽക്കുന്ന രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി കണക്കാക്കുന്നുവെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സള്ളിവൻ കൂട്ടിച്ചേർത്തു.

അഫ്ഗാൻ സുരക്ഷാ പരിഷ്കാരങ്ങൾ, സമാധാന പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പ്രസിഡന്റ് ഘാനി, ചീഫ് എക്സിക്യുട്ടിവ് ഡോ. അബ്ദുല്ല അബ്ദുള്ള, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി ഡെപ്യൂട്ടി സെക്രട്ടറി ചർച്ച നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്റെ സമാധാനപരമായ വളർച്ചയ്ക്കായി അമേരിക്ക എല്ലാ സഹായങ്ങളും നൽകുമെന്നും , അതിനായി അഫ്ഗാനിസ്ഥാൻ സർക്കാരും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറും കൂട്ടായി പ്രവർത്തിക്കുമെന്നും ജോണ്‍ ജെ.സള്ളിവന്‍ ചൂണ്ടിക്കാട്ടി.

Top