ചൈനയെ ഒഴിവാക്കി യുഎസ് നേതൃത്വത്തിൽ ഉച്ചകോടി; എങ്കിലില്ലെന്ന് പാക്കിസ്ഥാനും

യുഎസ് നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ജനാധിപത്യ ഉച്ചകോടി നടക്കുകയാണ്. ഏഷ്യയിലെ പ്രധാന രാഷ്ട്രങ്ങളെയെല്ലാം യുഎസ് പരിപാടിക്കു ക്ഷണിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമുണ്ട്. പക്ഷേ ചൈനയെ വിളിച്ചില്ല. പകരം ചൈന ‘സ്വന്തമെന്ന്’ അവകാശപ്പെടുന്ന തയ്‍വാനെ യുഎസ് ക്ഷണിക്കുകയും ചെയ്തു. അധികം വൈകാതെ പാക്കിസ്ഥാൻ‌ ഉച്ചകോടിയിൽനിന്ന് തന്നെ പിൻവാങ്ങി. വെര്‍ച്വലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. നീക്കത്തിനു പിന്നിൽ ചൈനയുടെ ഇടപെടലുണ്ടെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചകോടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു മുൻപ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാക്കിസ്ഥാൻ മന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ഫോണിൽ വിളിച്ചു സംസാരിച്ചെന്നാണു പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് 110 ലോകരാഷ്ട്രങ്ങളെയാണു യുഎസ് ഔദ്യോഗികമായി ക്ഷണിച്ചത്. ഏഷ്യ– പസഫിക് മേഖലയിൽനിന്ന് ഇന്ത്യ, പാക്കിസ്ഥാൻ, മാലദ്വീപ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് രാഷ്ട്രങ്ങളെയാണ് യുഎസ് ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നില്ലെങ്കിലും യുഎസിനു നന്ദി പറയാൻ പാക്കിസ്ഥാൻ മറന്നില്ല. ഡിസംബർ എട്ടിനു തന്നെ യുഎസിനു നന്ദി അറിയിച്ച് പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ഊര്‍ജസ്വലരായ പൊതുസമൂഹവും മാധ്യമ സ്വാതന്ത്ര്യവുമുള്ള രാജ്യമാണെന്നു പാക്കിസ്ഥാൻ പ്രസ്താവനയിൽ അവകാശപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണം, അഴിമതിക്കെതിരായ പോരാട്ടം എന്നിവയിലൂടെ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുന്നതിനു പ്രതിജ്ഞാബദ്ധരാണു പാക്കിസ്ഥാൻ. യുഎസുമായുള്ള പങ്കാളിത്തത്തെ ഏറെ വിലപ്പെട്ടതായാണു കാണുന്നതെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ജനാധിപത്യ ഉച്ചകോടിയിൽ ചൈനയെ ഒഴിവാക്കിയുള്ള ക്ഷണം പാക്കിസ്ഥാനെ ധർമസങ്കടത്തിലാക്കിക്കളഞ്ഞെന്നാണു വിദഗ്ധഭാഷ്യം.

അതേസമയം തയ്‍വാനെ ഉച്ചകോടിക്കു ക്ഷണിച്ചതിനെതിരെ വിമര്‍ശനമുയർത്തി ചൈന രംഗത്തെത്തി. യുഎസിന്റെ ലക്ഷ്യം ജനാധിപത്യമല്ലെന്നും ആധിപത്യം സ്ഥാപിക്കലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആരോപിച്ചു. ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണു യുഎസ് ചെയ്യുന്നത്. ജനാധിപത്യമൂല്യങ്ങളെ അവർ തകർക്കുന്നു. ലോകത്ത് വിഭാഗീയത ഉണ്ടാക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് യുഎസിന് ചർച്ച വേണമെങ്കില്‍ അതു പരസ്പര ബഹുമാനവും തുല്യതയുമുള്ള യുഎൻ വേദിയിൽവച്ച് ആകാമായിരുന്നുവെന്നും ചൈന വ്യക്തമാക്കി.

സാമ്പത്തിക ഇടനാഴി വഴി ചൈനയിൽനിന്ന് ഏറെ നേട്ടമുണ്ടാക്കുന്ന പാക്കിസ്ഥാനു ജനാധിപത്യ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണു നിരീക്ഷകർ പറയുന്നത്. യുഎസ് നേതൃത്വം നൽകുന്ന ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നാൽ ഇന്ത്യയ്ക്ക് അതിൽ മേധാവിത്വം ലഭിക്കുമെന്ന ആശങ്ക പാക്കിസ്ഥാനുള്ളതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചു കാലമായി യുഎസ്– പാക്കിസ്ഥാൻ ബന്ധം ഉലഞ്ഞുനിൽക്കുകയാണ്. ജോ ബൈഡൻ യുഎസ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഒരു തവണപോലും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നതും അവരുടെ പിണക്കത്തിന് കാരണമാണ്.

Top