ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; രാജ്യം ജാഗ്രതയില്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്. ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രാജ്യത്തെ യുഎസ് എംബസിയാണ് മുന്നറിയിപ്പ് നല്‍കിയത്.

ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനും സംഘം ചേരുന്നത് ഒഴിവാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നും മുന്നറിയിപ്പിലുണ്ട്. യുഎസ് എംബസി വ്യാഴാഴ്ച ട്വിറ്ററിലൂടെ നല്‍കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അതേസമയം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊളംബോയിലേയും നെഗോംബോയിലേയും ജനങ്ങള്‍ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞുപോയി. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്‌ഫോടനങ്ങളില്‍ 259 പേര്‍ മരിച്ചതായും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40 ഓളം വിദേശീയര്‍ ഉള്‍പ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയെങ്കിലും അധികൃതര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അക്രമണത്തില്‍ ഐഎസിന്റെ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംശയത്തിനിട നല്‍കിയവരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ പരിധിയില്‍ വരാത്ത ഭീകരസംഘങ്ങള്‍സജീവമായി രാജ്യത്തിനകത്തുള്ളതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഈ സംഘങ്ങളുടെ പക്കല്‍ ഉഗ്രസ്‌ഫോടനവസ്തുക്കള്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും വിക്രമസിംഗെ പറഞ്ഞു.

Top