ഗാസയില്‍ സഹായമെത്തിക്കാനുള്ള താല്‍ക്കാലിക തുറമുഖം നിര്‍മിക്കാന്‍ പുറപ്പെട്ട് യുഎസ് സൈനികര്‍

സ്രയേല്‍ ആക്രമണങ്ങളിലും പട്ടിണിയിലും കെടുതി അനുഭവിക്കുന്ന ഗാസയില്‍ സഹായമെത്തിക്കാനുള്ള താല്‍ക്കാലിക തുറമുഖം നിര്‍മിക്കാന്‍ പുറപ്പെട്ട് യുഎസ് സൈനികര്‍. തുറമുഖ നിര്‍മാണത്തിനുള്ള ഉപകരണങ്ങളുമായി യുഎസ് സൈനിക കപ്പല്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു. സപ്പോര്‍ട്ട് കപ്പല്‍ ജനറല്‍ ഫ്രാങ്ക് എസ് ബെസ്സന്‍ ശനിയാഴ്ച വിര്‍ജീനിയ സംസ്ഥാനത്തെ സൈനിക താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. കടല്‍മാര്‍ഗം ഗാസയിലേക്ക് സഹായം എത്തിക്കാന്‍ യുഎസ് ഫ്‌ലോട്ടിങ് ഹാര്‍ബര്‍ നിര്‍മിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.’ഇസ്രയേലികള്‍ക്കായി കാത്തിരിക്കുന്നില്ല, വാഷിങ്ടണ്‍ പൂര്‍ണ നേതൃത്വം ഏറ്റെടുക്കുന്നു,’ എന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക തുറമുഖം പദ്ധതി അവതരിപ്പിച്ചത്, എന്നാല്‍ ഗാസയിലേക്ക് സഹായം എത്തിക്കുന്നതില്‍ ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

200 ടണ്‍ ഭക്ഷണവുമായി ഒരു സഹായ കപ്പല്‍ സൈപ്രസിലെ ഒരു തുറമുഖത്ത് നിന്ന് പുറപ്പെടാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. നാളെയോടെ കപ്പലിന് പുറപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, 30,900-ലധികം ആളുകള്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.എന്നാല്‍ കപ്പല്‍ വഴിയുള്ള സഹായ വിതരണങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാണ്. കടല്‍ വഴിയുള്ള സഹായങ്ങള്‍ സുരക്ഷിതമായി കരയില്‍ എത്തിക്കാനാകുമോ എന്നതാണ് പ്രധാന ആശങ്ക. ഗാസയ്ക്ക് പ്രവര്‍ത്തനക്ഷമമായ തുറമുഖമില്ല, ചുറ്റുമുള്ള ജലാശയങ്ങള്‍ വലിയ കപ്പലുകള്‍ക്ക് കടക്കാന്‍ കഴിയാത്തത്ര ആഴം കുറഞ്ഞതാണ്.

ജോര്‍ദാനുമായി ചേര്‍ന്ന് ഗാസയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തില്‍ നിന്ന് വിതരണം ചെയ്യുന്നതിന് അമേരിക്ക തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങി മൂന്ന് വട്ടം ഗാസയിലേക്ക് അമേരിക്കന്‍ സൈന്യം വ്യോമമാര്‍ഗം (എയര്‍ഡ്രോപ്) ഭക്ഷണപ്പൊതി വിതരണം നടത്തിയിരുന്നു.പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് 36 മണിക്കൂറിനുള്ളില്‍ യുഎസ് കപ്പല്‍ പുറപ്പെട്ടുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ അറിയിച്ചു. ഗാസയിലേക്ക് സുപ്രധാനമായ മാനുഷിക സാധനങ്ങള്‍ എത്തിക്കുന്നതിന് ഒരു താത്കാലിക തുറമുഖം നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ അടങ്ങിയതാണ് ആദ്യത്തെ കപ്പല്‍. 50 ദിവസം കൊണ്ട് 1,000 സൈനികരുടെ സഹായത്തോടെ തുറമുഖം നിര്‍മിക്കും. എന്നാല്‍ സൈനികര്‍ ഗാസയുടെ കരഭാഗത്തേക്ക് പ്രവേശിക്കില്ല, കുറിപ്പില്‍ പറയുന്നു.ഗാസ മുനമ്പ് പട്ടിണി ഒഴിവാക്കാനാകാത്ത നിലയില്‍ വളര്‍ന്നുവെന്നും കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുകയാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ മുനമ്പില്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ച് വിടുന്ന സാഹചര്യത്തില്‍ കരയിലും വിമാനത്തിലും സഹായ വിതരണം ദുഷ്‌കരവും അപകടകരവുമാണ്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിവെക്കുകയും വാഹനം കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ കരയിലൂടെയുള്ള സഹായ വിതരണം താല്‍ക്കാലികമായ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് താല്‍ക്കാലിക തുറമുഖം നിര്‍മിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്.

Top