കോവിഡ് ഭീതി: ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണം; യുഎസ്

ന്യൂയോര്‍ക്ക്: പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

‘പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശത്ത് നിന്നുള്ള എഫ്1 എം1 വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തുടരേണ്ടതില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ രാജ്യം വിടുകയോ മറ്റു സ്‌കൂളുകളിലേക്ക് മാറ്റം വാങ്ങുക എന്നീ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരമായി ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.’ ഐസിഇ അറിയിച്ചു.

പൂര്‍ണമായും ഓണ്‍ലൈനായി പഠനം നടത്തുന്ന സ്‌കൂളുകളിലേക്കോ മറ്റു പ്രോഗ്രാമുകളിലേക്കോ എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീസ അനുവദിക്കരുതെന്നും യുഎസിന്റെ അതിര്‍ത്തി സുരക്ഷാസേന അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഐസിഇ അറിയിച്ചു.

അതേസമയം, അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും യുഎസിലെ മിക്ക സര്‍വകലാശാലകളും കോളജുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിക്ക സ്‌കൂളുകളും കോളജുകളും ഓണ്‍ലൈനും ക്ലാസുകളും അല്ലാത്തതുമായ സംയുക്ത പഠനരീതികളുമായി മുന്നോട്ട് പോകുമ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള ചിലത് എല്ലാം ഓണ്‍ലാനാക്കി മാറ്റി.

2018-19 ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം ഒരു മില്യനോളം വിദേശ വിദ്യാര്‍ത്ഥികളാണ് യുഎസില്‍ പഠിക്കുന്നത്. യുഎസിയില്‍ വിദേശ പഠനത്തിനായി ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികള്‍ വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്നാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍.

Top