MQ 9 ബി സീ ​ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ അമേരിക്ക

 3.99 ബില്യൺ ഡോളറിന്റെ എംക്യു 9 ബി സീ ​ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ് അനുമതി നൽകി. യുഎസ് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലാണ് ഡ്രോൺ വിമാനം വാങ്ങാൻ ധാരണയായത്.

ഇന്ത്യ-പസഫിക് മേഖലയിലും പശ്ചിമേഷ്യയിലും രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക വളർച്ച എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് ഡ്രോൺ കൈമാറ്റത്തിന് അനുമതി നൽകിയത്. വിൽപ്പന യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവിയിൽ ഭീഷണികളെ നേരിടാൻ ഈ അത്യാധുനിക ഡ്രോൺ വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും. കടൽ പാതകളിൽ നിരീക്ഷണം നടത്തുന്നതിനും പട്രോളിംഗിനും ഇതിലൂടെ സാധിക്കും. ആറ് വർഷത്തിന് ശേഷമാണ് അന്തിമ കരാറായത്. ഇന്ത്യൻ കര,വ്യോമ,നാവിക സേനകൾ ഈ ഡ്രോണുകൾ ഉപയോ​ഗിക്കും. 31 ഡ്രോണുകളായിരിക്കും ഇന്ത്യക്ക് നൽകുക. ‘ഡ്രോൺ കൈമാറുന്നത് യുഎസിന്റെ തീരുമാനമാണ്. അവർക്ക് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുണ്ട്. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്തകളോട് പ്രതികരിച്ചു.

Top