മിസൈല്‍ പ്രതിരോധ സംവിധാനം താഡ് വിജയകരമായി പരീക്ഷിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: പസഫിക് സമുദ്രത്തിന് മുകളില്‍ താഡ് സംവിധാനം വിജയകരമായി പരീക്ഷിച്ചതായി അമേരിക്കന്‍ മിസൈല്‍ പ്രതിരോധ ഏജന്‍സി.

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന പ്രതിരോധ സംവിധാനമാണ് ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ്‌ ഏരിയാ ഡിഫന്‍സ് (താഡ്).

യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ പട്ടാളക്കാരും ചേര്‍ന്ന് ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസ്സില്‍ വച്ചാണ് പരീക്ഷണം നടത്തിയത്.

പസഫിക് സമുദ്രത്തിന് മുകളില്‍ യുഎസ് എയര്‍ഫോഴ്‌സ് സി17 യുദ്ധവിമാനം ഉപയോഗിച്ച് വിക്ഷേപിച്ച മീഡിയം റേഞ്ച് ടാര്‍ഗറ്റ് ബാലിസ്റ്റിക് മിസൈല്‍ അലാസ്‌കയില്‍ സ്ഥാപിച്ചിട്ടുള്ള താഡ് സിസ്റ്റം കൃത്യമായി തിരിച്ചറിയുകയും മിസൈല്‍ തകര്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിക്കുന്നു.

ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് രണ്ടു ദിസവം കഴിയുമ്പോഴുള്ള അമേരിക്കയുടെ ഈ പുതിയ പരീക്ഷണം യുഎസിന് എതിരായുള്ള രാജ്യങ്ങളുടെ ആക്രമണ സാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്നതില്‍ സംശയമില്ല.

Top