താലിബാനുമായി സമാധാന ചര്‍ച്ച ഖത്തറില്‍ നടത്തുമെന്ന്‌ അമേരിക്ക

Taliban

വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ചൊവ്വാഴ്ച ദോഹയില്‍ താലിബാന്‍ പ്രതിനിധിയെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.ഗള്‍ഫ് രാജ്യമായ ഖത്തറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

താലിബാന്‍ പ്രതിനിധികളുമായി ഖാലിസാദ് ഇതിനുമുമ്പും പലതവണ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ആദ്യമായാണ് അമേരിക്ക കൂടിക്കാഴ്ച നടന്ന വിവരം സ്ഥി രീകരിക്കുന്നത്. കഴിഞ്ഞ ദിവസം 126 അഫ്ഗാന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സൈനികക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് സമാധാന ചര്‍ച്ച.

അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുന്‍പ് തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം താലിബാനെതിരെ നാറ്റോസേന തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെയാണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത്.

Top