ഘസ്‌നിയില്‍ തകര്‍ന്ന് വീണത് യാത്രാ വിമാനമല്ലെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ തകര്‍ന്ന് വീണത് യാത്രാ വിമാനമല്ല അമേരിക്കയുടെ സൈനിക വിമാനമാണെന്ന അവകാശവാദവുമായി താലിബാന്‍.താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി താലിബാന്‍ വ്യക്തമാക്കി.

താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ന്യൂസ് ഏജന്‍സി വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അരിയാന എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ 83 യാത്രികര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അരിയാന എയര്‍ലൈന്‍സ് ഇത് നിഷേധിച്ചു. അതിനിടെ, അഫ്ഗാനില്‍ നിരീക്ഷണം നടത്തുന്നതിന് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഇ-11 എ വിമാനം കത്തിയമരുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കപ്പെടുന്നത്. വിമാനം തങ്ങളുടേതാണെന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Top