സുലൈമാനി മാത്രമല്ല, യെമനിലെ പദ്ധതി പാളിയപ്പോള്‍ രക്ഷപ്പെട്ടത് ട്രംപിന്റെ ശത്രു

റാഖില്‍ നടന്ന ഡ്രോണ്‍ അക്രമണത്തില്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച അതേ ദിവസം അമേരിക്ക മറ്റൊരു മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥനെ കൂടി വകവരുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. യെമനില്‍ വെച്ചാണ് അമേരിക്കന്‍ സൈന്യം തങ്ങളുടെ കണ്ണിലെ കരടായ മറ്റൊരു ശക്തനായ കമ്മാന്‍ഡറെ വധിക്കാന്‍ ശ്രമിച്ചതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ ട്രംപ് ഭരണകൂടം വിശാലമായ രീതിയില്‍ ഇറാന്റെ മറ്റ് രാജ്യങ്ങളിലെ രഹസ്യയുദ്ധങ്ങള്‍ തച്ചുടക്കാന്‍ തീരുമാനിച്ച് നീങ്ങിയതാണെന്ന് വ്യക്തമാകുകയാണ്.

ഇറാന്‍ മിസൈലുകള്‍ പതിച്ചതിന് ശേഷം ഇരുവിഭാഗങ്ങളും തല്‍ക്കാലത്തേക്ക് പിന്‍മാറ്റം പ്രഖ്യാപിച്ച നിലയിലാണ്. യെമനില്‍ നടന്ന പരാജയപ്പെട്ട വ്യോമാക്രമണം ലക്ഷ്യം വെച്ചത് ഇറാന്‍ കുദ്‌സ് സേനയുടെ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റെസാ ഷഹലായിയെയാണ്. ജനറല്‍ സുലൈമാനിയെ നയിച്ച സേനാ വിഭാഗത്തിലെ സുപ്രധാന അംഗമായ ഷഹലായി മേഖലയിലെ ഷിയാ ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ സംഘടിപ്പിച്ച് നല്‍കിയിരുന്ന വ്യക്തിയാണ്. ജനുവരി 3ന് സുലൈമാനി വധിക്കപ്പെട്ട അതേ കാലയളവില്‍ ഷഹലായിയെ തീര്‍ക്കാനും പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു.

യെമനിലെ അമേരിക്കന്‍ അക്രമണം ഒരേ സമയത്ത് തന്നെ നടന്നോയെന്ന് വ്യക്തമല്ല. അമേരിക്കക്കാരുള്ള മേഖലയില്‍ ഇറാന്‍ പിന്തുണയോടെ നടക്കുന്ന അക്രമങ്ങള്‍ ഒതുക്കാനും, ഇറാന്റെ ബലപ്രയോഗം കുറയ്ക്കാനുമാണ് ഷഹലായി, സൊലേമാനി എന്നിവര്‍ക്ക് പുറമെ മറ്റ് നിരവധി ഇറാന്‍ അധികൃതരെയും അമേരിക്ക ലക്ഷ്യം വെച്ചത്. ഷഹലായിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 മില്ല്യണ്‍ ഡോളര്‍ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. 2011ല്‍ യുഎസിലെ സൗദി അറേബ്യയുടെ അംബാസിഡറെ വധിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് നേരെ നടന്ന നിരവധി അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഷഹലായി ആണെന്നാണ് കണ്ടെത്തല്‍.

യെമന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയാണ് ഷഹലായി. അവിടെ ഹൂതി വിമതര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് എതിരെയാണ് ഇറാന്‍ സഹായത്തോടെ ഹൂതി വിമതര്‍ പോരാട്ടം നയിക്കുന്നത്. ഭീകര, വിമത സംഘങ്ങളെ മുന്‍നിര്‍ത്തി ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Top