US Submarine USS Michigan In South Korea

സോള്‍: ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി.

ആണവപരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ മേഖലയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നു.

ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85ാം വാര്‍ഷിക ദിനത്തിലാണ് യുദ്ധസാധ്യത കടുപ്പിച്ച് അമേരിക്കയുടെ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്തെത്തിയത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

154 ക്രൂസ് മിസൈലും ചെറിയ അന്തര്‍ വാഹിനികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ അന്തര്‍വാഹിനി. ആണവാക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 560 അടി നീളവും 18,000 ടണ്‍ ഭാരവുമുണ്ട്. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണ്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെത്തിയിരുന്നു.

വാര്‍ഷികദിനത്തില്‍ ഉത്തരകൊറിയയില്‍ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തില്‍ നടന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്‌സിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ജപ്പാനിലെ ടോക്കിയോയില്‍ വച്ച് യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

Top