ലോകത്തെ ഏറ്റവും അപകടകാരി;സി.പി.ഐ മാവോയിസ്റ്റ് ഭീകരസംഘടനയെന്ന് അമേരിക്ക

ന്യൂഡല്‍ഹി: സിപിഐ മാവോയിസ്റ്റിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. സിപിഐ മാവോയിസ്റ്റ് ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയാണെന്നാണ് അമേരിക്ക പറയുന്നത്. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ സംഘടനയാണ് സിപിഐ. സിപിഐ മാവോയിസ്റ്റ് കഴിഞ്ഞവര്‍ഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 833 ആക്രമണങ്ങളിലായി 240 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഭീകരസംഘടനകളുടെ പട്ടികയില്‍ താലിബാനെയാണ് ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.എസ്, അല്‍-ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് തുടങ്ങിയവയും ഭീകരസംഘടനകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇവയ്ക്ക് പിന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം.

തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും ഇന്ത്യയിലെ 57 ശതമാനം ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം തീവ്രവാദ ആക്രമണങ്ങളില്‍ 971 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നാലെ മണിപ്പൂര്‍ ആണുള്ളത്.

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് തൊട്ടുപിന്നിലുള്ളത്.

Top