വീണ്ടും ചാന്ദ്രദൗത്യവുമായി യുഎസ്, നാസയോട് തയാറെടുക്കാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം

വാഷിങ്ടണ്‍: അമേരിക്കക്കാരെ വീണ്ടും ചന്ദ്രനിലേക്ക് അയക്കാന്‍ യുഎസ് തയാറെടുക്കുന്നു.ഇത് സംബന്ധമായ നിര്‍ദേശം നാസയ്ക്ക് (നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി.

ചൊവ്വയിലേക്ക് ആളെ അയയ്ക്കാന്‍ തയ്യാറെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അമേരിക്കയുടെ പുതിയ ബഹിരാകാശനയത്തില്‍ ട്രംപ് ഒപ്പുവെച്ചു. 1972-ലാണ് അമേരിക്ക അവസാനമായി ചന്ദ്രനിലേക്ക് ആളെ അയച്ചത്.

ദൗത്യത്തിനായി സ്‌പെയ്‌സ് എക്‌സിന്റെ എലണ്‍ മസ്‌ക്, ബ്ലൂ ഒറിജിന്റെ ഉടമ ജെഫ് ബെസോസ് എന്നിവരുമായി ട്രംപ് ഭരണകൂടം ചര്‍ച്ച നടത്തിയിരുന്നു. സ്വകാര്യ ബഹിരാകാശദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന കമ്പനികളാണ് സ്‌പെയ്‌സ് എക്‌സും ബ്ലൂ ഒറിജിനും. മറ്റുരാജ്യങ്ങളുമായുള്ള സഹകരണവും സ്വകാര്യവ്യവസായികളെ പങ്കാളികളാക്കുന്നതും പരിഗണനയിലുണ്ട്.

ചന്ദ്രനില്‍ ആളെയയ്ക്കാന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. പിന്നാലെ പ്രസിഡന്റായ ബരാക് ഒബാമ ചെലവ് കണക്കിലെടുത്ത് ഇത് നിര്‍ത്തിവെച്ചു. ചൊവ്വാ ദൗത്യത്തിന് ഊന്നല്‍ നല്‍കാനായിരുന്നു ഇത്. 1972ലാണ് അമേരിക്ക അവസാനമായി ചന്ദ്രനിലേക്ക് ആളെ അയച്ചത്.

Top