യുക്രെയ്‌നില്‍ അമേരിക്കന്‍ സ്മാർട് ബോംബുകള്‍ക്ക് ലക്ഷ്യം തെറ്റുന്നു, റഷ്യയുടെ പുതിയ നീക്കം

മേരിക്കന്‍ നിര്‍മിത സാറ്റലൈറ്റ് ഗൈഡഡ് ബോംബുകള്‍ക്ക് യുക്രെയ്‌നില്‍ ലക്ഷ്യം തെറ്റുന്നു. സാധാരണ ബോംബുകളെ അതീവ കൃത്യതയുള്ളവയാക്കി മാറ്റുന്ന ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (JDAM) കിറ്റുകള്‍ക്കാണ് ഇപ്പോള്‍ ലക്ഷ്യം തെറ്റുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്ന റഷ്യയുടെ ജാമിങ് സംവിധാനമാണ് ഇത്തവണ അമേരിക്കയുടേയും യുക്രെയ്‌ന്റേയും കണക്കുകൂട്ടലുകളെ തകര്‍ക്കുന്നത്.

അമേരിക്കയുടെ ആധുനിക പ്രതിരോധ സൗകര്യങ്ങള്‍ എങ്ങനെ യുക്രെയ്‌നെ സഹായിക്കുമെന്ന കാര്യത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് 2022 സെപ്റ്റംബറില്‍ അമേരിക്കന്‍ നിര്‍മിത എജിഎം 88- ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകള്‍ (HARMs) റഷ്യക്കെതിരെ പ്രയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുക്രെയ്ന്‍ ലോകത്തെ തന്നെ ഞെട്ടിച്ചത്. റഷ്യയുടെ വ്യോമ പ്രതിരോധ റഡാറുകള്‍ക്കു നേരെ മിഗ് 29, സുഖോയ് 27 പോര്‍വിമാനങ്ങളില്‍ നിന്നായിരുന്നു ഈ മിസൈല്‍ യുക്രെയ്ന്‍ പ്രയോഗിച്ചത്. ഈ ആക്രമണങ്ങള്‍ കുറച്ചു കാലത്തേക്കെങ്കിലും യുക്രെയ്ന്‍ പോര്‍ വിമാനങ്ങള്‍ക്കും ഹെലിക്കോപ്റ്ററുകള്‍ക്കും യുദ്ധ മുന്നണിയില്‍ സുരക്ഷ നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഒരു പടികൂടി കടന്ന് അമേരിക്ക തങ്ങളുടെ സാറ്റലൈറ്റ് ഗൈഡഡ് മിസൈല്‍ ജെഡിഎഎം യുക്രെയ്‌ന് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുക്രെയ്‌ന്റെ ആകാശത്തു നിന്നുള്ള ബോംബ് ആക്രമണങ്ങള്‍ക്ക് അതീവ കൃത്യത ഈ മിസൈലുകള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാലു മാസത്തിനു ശേഷം തങ്ങളുടെ നീക്കം പരാജയമാണെന്ന വിലയിരുത്തലിലാണ് യുഎസ് സര്‍ക്കാര്‍.

പലപ്പോഴും ആധുനിക ആയുധങ്ങളെ നിഷ്പ്രഭമാക്കും പഴയ സാങ്കേതികവിദ്യകളെന്നതിന് ഉദാഹരണമാവുകയാണ് ഈ അമേരിക്കന്‍ നീക്കവും റഷ്യന്‍ പ്രതിരോധവും. ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (JDAM) എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രതിരോധ കിറ്റില്‍ ജിപിഎസ് റിസീവറും കംപ്യൂട്ടറും ബോംബുകള്‍ക്ക് വായുവിലൂടെ തെന്നി ലക്ഷ്യത്തിലേക്ക് പോകാന്‍ സഹായിക്കുന്ന ചിറകും ഉണ്ടാവും. സാധാരണ ബോംബുകളെ പോലും അതീവ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് എത്തിക്കാനാവുമെന്നതാണ് ഈ കിറ്റിനെ വ്യത്യസ്തമാക്കുന്നത്.

പോര്‍വിമാനങ്ങളില്‍ മറ്റേതൊരു ബോംബുകളേയും പോലെ ജെഡിഎഎം ബോംബുകളേയും സ്ഥാപിക്കാനാവും. ആകാശത്തുവച്ച് ടാർഗെറ്റ് തീരുമാനിച്ച ശേഷം ജിപിഎസ് സഹായത്തിലാണ് ലക്ഷ്യത്തിലേക്ക് ഈ ബോംബുകള്‍ നീങ്ങുക. കൂടുതല്‍ ഉയരത്തില്‍ നിന്നും ഈ ബോംബുകളെ ഇട്ടാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ കൃത്യതയോടെ തെന്നി നീങ്ങാന്‍ ഈ ബോംബുകള്‍ക്ക് സാധിക്കും. ലക്ഷ്യത്തില്‍ നിന്നും പരമാവധി 15 അടി വ്യത്യാസമെന്ന കൃത്യതയില്‍ പ്രഹരിക്കാന്‍ ജെഡിഎഎം കിറ്റുകള്‍ ഘടിപ്പിച്ച ബോംബുകള്‍ക്ക് സാധിക്കും.

അമേരിക്കന്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം യുക്രെയ്ന്‍ പ്രയോഗിക്കുന്ന ജെഡിഎഎം ബോംബുകള്‍ക്ക് ലക്ഷ്യം തെറ്റുകയാണ്. ഇവിടെ വിജയിക്കുന്നത് റഷ്യന്‍ ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങളാണ്. സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളെ ശരിക്കും ഉപയോഗ ശൂന്യമാക്കുകയാണ് റഷ്യന്‍ തന്ത്രം. റഷ്യയില്‍ മാത്രമല്ല റഷ്യന്‍ സേനകളുടെ സാന്നിധ്യമുള്ള രാജ്യങ്ങളിലെല്ലാം അവരുടെ ഇലക്ട്രോണിക് ജാമിങ് സംവിധാനം സജീവമായി ഉപയോഗിക്കുന്നുണ്ട്.

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്നതിന് 2022 ഡിസംബറില്‍ റഷ്യന്‍ നഗരങ്ങളില്‍ ജിപിഎസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജിപിഎസ് ബന്ധം ഇല്ലാതായതോടെ ഡ്രോണുകള്‍ക്ക് ലക്ഷ്യം തെറ്റുകയും റഷ്യന്‍ നീക്കം വിജയിക്കുകയും ചെയ്തിരുന്നു. സിറിയ, തുര്‍ക്കി, ലെബനന്‍ സൈപ്രസ് എന്നിങ്ങനെ റഷ്യന്‍ സേനാ സാന്നിധ്യമുള്ള രാജ്യങ്ങളിലെല്ലാം അവരുടെ ഇലക്ട്രോണിക് ജാമി‍ങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018ല്‍ യുക്രെയ്ന്‍ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ തകര്‍ത്തതും ഈ ഇലക്ട്രോണിക് ജാമിങ് സംവിധാനമായി.

Top