ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി അയച്ചു യുഎസ്; ഇസ്രയേലിന് സമ്പൂര്‍ണ്ണ പിന്തുണ

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡാണ് ദൗത്യത്തിന്റെ ഭാഗമായി മെഡിറ്ററേനിയനിലേക്ക് എത്തിയിരിക്കുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) വിവരം അറിയിച്ചിരിക്കുന്നത്. ഇസ്രയേലും ഹമാസുമായി യുദ്ധം തുടങ്ങിയശേഷം ഒരു നാവിക സ്ട്രൈക് ഫോഴ്സിനെ ഇസ്രയേലിനെ പിന്തുണയ്ക്കാനായി കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഈ വിമാനവാഹിനിക്കപ്പലിനൊപ്പം മിസൈല്‍ ക്രൂസറായ യുഎസ്എസ് നോര്‍മന്‍ഡി, ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളായ യുഎസ്എസ് തോമസ് ഹഡ്നര്‍, യുഎസ്എസ് റാമേജ്, യുഎസ്എസ് കാര്‍നി, യുഎസ്എസ് റൂസ് വെല്‍റ്റ് എന്നിവയുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലും അമേരിക്കയുടെ സാങ്കേതികമായി ഏറ്റവും നവീനമായുള്ള വിമാനവാഹിനിയുമാണ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്. 333 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയും 76 മീറ്റര്‍ പൊക്കവും ഇതിനുണ്ട്.ജൂണ്‍ മുതല്‍ ഈ കപ്പലും സംഘവും മെഡിറ്ററേനിയന്‍ കടലിലുണ്ട്. 5000 നാവികരും അനേകം യുദ്ധവിമാനങ്ങളും ഈ കപ്പലിലുണ്ട്. മെഡിറ്ററേനിയന്‍ മേഖലയിലെ നിരീക്ഷണം, ഗാസയിലേക്ക് ആയുധങ്ങളെത്തുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ജെറാള്‍ഡ് ഫോര്‍ഡിനുണ്ട്. യുഎസിന്റെ 38ാം പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ആര്‍. ഫോര്‍ഡിന്റെ പേരാണ് കപ്പലിനു നല്‍കിയിരിക്കുന്നത്. 2005ല്‍ നിര്‍മാണം തുടങ്ങിയ ഈ കപ്പല്‍ 2017ലാണു യുഎസ് നേവിക്കു നല്‍കിയത്. ആണവ എന്‍ജിനുകളിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.

യുഎസിന്റെ കൈവശമുള്ള മറ്റ് വിമാനവാഹിനികളെ അപേക്ഷിച്ച് കൂടുതലായി ഓട്ടമേഷന്‍ സാങ്കേതികവിദ്യകള്‍ ഈ കപ്പലില്‍ ഉപയോഗിച്ചിട്ടുണ്ട്. 1290 കോടി യുഎസ് ഡോളര്‍ ചെലവിലാണ് ഈ വമ്പന്‍ കപ്പല്‍ നിര്‍മിച്ചത്. അയ്യായിരത്തിലധികം ആളുകള്‍ ഈ കപ്പലിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടു ലക്ഷത്തോളം ഗാലണ്‍ പെയിന്റ് ഈ കപ്പലിനെ പെയിന്റ് ചെയ്യാനായി ഉപയോഗിച്ചിട്ടുണ്ടെന്നാണു കണക്ക്. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ്ഹൗസ് 350 തവണ പെയിന്റ് ചെയ്യാനുള്ള അളവുണ്ടത്രെ ഇത്.

Top