ഫെയ്സ് ആപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍

വാഷിംഗ്ടണ്‍:റഷ്യന്‍ നിര്‍മ്മിത ആപ്ലിക്കേഷനായ ഫെയ്‌സ് ആപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍. അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളള ആപ്പായതുകൊണ്ട്‌
എഫ്.ബി.ഐ. അന്വേഷണം നടത്തണമെന്നും സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ബുധനാഴ്ച ആവശ്യപ്പെട്ടു. ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ആണോ എന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോടും ചക്ക് ഷമ്മര്‍ ഇക്കാര്യം ആവശ്യപ്പെട്ടു.

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണം ഡെമോക്രാറ്റിക് നേതാക്കള്‍ നേരിട്ടിരുന്നു. അതിനാല്‍ 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമതി നിര്‍ദ്ദേശിച്ചു.

അതേസമയം, ഉപയോഗത്തിനുശേഷം 48 മണിക്കൂറിനകം സെര്‍വറില്‍നിന്ന് തങ്ങള്‍ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും ഫെയ്‌സ്ആപ്പ് അധികൃതര്‍ വാഷിങ്ടണ്‍ പോസ്റ്റിനോടു പ്രതികരിച്ചു.

മുഖത്ത് പലവിധ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ഫെയ്സ് ആപ്പ് 2017 ജനുവരിയിലാണ് അവതരിപ്പിക്കപ്പെട്ടത്‌. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫെയ്സ് ആപ്പ് യുവജന ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

2017ല്‍ പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷന്‍ അന്ന് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നെങ്കിലും ഫെയ്‌സ് ആപ്പ് ഫില്‍റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Top