ഫലസ്തീന്‍ സിവിലിയന്‍മാരുടെ സുരക്ഷ ഇസ്രായേല്‍ ഉറപ്പാക്കണം: ആന്റണി ബ്ലിങ്കണ്‍

വാഷിങ്ടണ്‍: ഗസ്സയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പുനഃരാരംഭിക്കുകയാണെങ്കില്‍ ഫലസ്തീന്‍ സിവിലിയന്‍മാരുടെ സുരക്ഷ ഇസ്രായേല്‍ ഉറപ്പാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബ്ലിങ്കന്റെ പരാമര്‍ശം. അതേസമയം, വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ നടക്കുന്നുണ്ട്.

ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ യു.എസ് ഇപ്പോഴും അംഗീകരിക്കുന്നു. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും സിവിലിയന്‍മാരെ സംരക്ഷിക്കാനും ഇസ്രായേല്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലും ഫലസ്തീന്റെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ വിഷയത്തില്‍ മുമ്പുണ്ടായിരുന്ന നിലപാടില്‍ നിന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്നാക്കം പോവുകയാണെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇസ്രായേല്‍ ഫലസ്തീന്‍ ജനതകള്‍ സമാധാനത്തില്‍ കഴിയുന്നതാണ് ഹമാസിനെ ഭയപ്പെടുത്തുന്നതെന്ന് യു.എസ് പ്രസിഡന്റ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങരുതെന്ന മുന്‍നിലപാടില്‍ വ്യതിയാനമായി ബൈഡന്റെ പുതിയ നിലപാടിനെ വിലയിരിത്തിയിരുന്നു.

Top