വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ ; അമേരിക്ക

വാഷിംഗ്ടൺ: ആഗോളതലത്തിൽ കഴിഞ്ഞ വർഷം വ്യാപിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് അമേരിക്ക.

ലോകത്തിൽ 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ പിടിയിലായത്.

കോടികളുടെ നഷ്ടമാണ് ആഗോളതലത്തിൽ നടന്ന സൈബര്‍ ആക്രമണം കാരണം ഉണ്ടായത്. വ്യക്തികളുടെ കമ്പ്യൂട്ടറുകൾ, സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകൾ എന്നിവയിലാണ് ആക്രമണം നടന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജോര്‍ണല്‍ പത്രത്തിലൂടെയാണ് ഉത്തരകൊറിയക്ക് എതിരെ ആരോപണം ഉന്നയിച്ചത്.

ഈ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, ഉത്തരകൊറിയയുടെ സൈബര്‍ പ്രവർത്തനങ്ങൾ തടയുന്നതിന് അമേരിക്ക നടപടികൾ സ്വീകരിയ്ക്കുമെന്നും ബൊസെര്‍ട്ട് സൂചിപ്പിച്ചു.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകള്‍ക്കു നേരെ നടന്ന ആക്രമണത്തിൽ ഫയലുകൾ തിരികെ നൽകാൻ വാനാക്രൈ പണം ആവശ്യപ്പെട്ടിരുന്നു.

Top