യുഎസ്–സൗദി കരാറുകൾക്ക് ധാരണ

ജിദ്ദ: ബഹിരാകാശ ദൗത്യം, സൈബർ സുരക്ഷ, 5ജി ഇന്റർനെറ്റ്, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ അമേരിക്ക – സൗദി ധാരണ. നാസ നേതൃത്വം നൽകുന്ന ബഹിരാകാശ ഗവേഷണ പദ്ധതിയായ ആർമിസ് അക്കോർഡിൽ പങ്കാളിത്ത കരാർ ഒപ്പുവച്ച സൗദിയുടെ നടപടിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്റെ സംഘത്തിനൊപ്പം ബോയിങ് എയ്റോസ്പേസ്, റേയ്തോൺ ഡിഫൻസ് ഇൻഡസ്ട്രീസ്, മെഡ്ട്രോണിക് ആൻഡ് ഡിജിറ്റൽ ഡയഗ്‌നോസ്റ്റിക്സ് ഉൾപ്പെടെ ഊർജം, വിദ്യാഭ്യാസം, വസ്ത്രനിർമാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും സൗദിയിൽ എത്തിയിട്ടുണ്ട്.

യെമനിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനു മുൻകൈ എടുത്ത സൗദിയുടെ നിലപാടിനെയും അമേരിക്ക സ്വാഗതം ചെയ്തു. അമേരിക്കൻ കമ്പനി ഐബിഎം സൗദിയിൽനിന്ന് ഒരു ലക്ഷം ചെറുപ്പക്കാരെ 5 വർഷം പരിശീലിപ്പിക്കും. അതിവേഗ ഇന്റർനെറ്റ് സേവനമായ 5ജി, 6ജി സാങ്കേതിക വിദ്യാ കൈമാറ്റം, പൊതുജനാരോഗ്യ മേഖല, വൈദ്യശാസ്ത്ര രംഗത്തെ പഠനഗവേഷണങ്ങൾ തുടങ്ങിയവയിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം നിലവിൽ വന്നു.

Top