ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് യുഎസ്

ന്യൂയോര്‍ക്ക് ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് യുഎസ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗതത്തില്‍ ഇന്ത്യ ‘അന്യായവും വിവേചനപരവുമായ’ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.

വന്ദേ ഭാരത് മിഷനിലിലൂടെ കോവിഡ്19 മഹാമാരിയില്‍ അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യ പൗരന്മാരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നുണ്ട്. എന്നാല്‍ യുഎസ് എയര്‍ലൈനുകള്‍ക്ക് ഇന്ത്യയിലേക്കു പറക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇത് യുഎസ് വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

‘കോവിഡിനു മുന്‍പുള്ള കാലഘട്ടത്തില്‍ സര്‍വീസ് നടത്തിയതിന്റെ പകുതിയില്‍ക്കൂടുതല്‍ സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. പ്രവാസികളെ തിരികെ കൊണ്ടുപോകുന്നുവെന്നതിനേക്കാള്‍ ഈ അവസരത്തില്‍ യുഎസിന്റെ വ്യോമ നിയന്ത്രണങ്ങളെ ഈ ഉപായം കൊണ്ട് മറികടക്കാനുള്ള ശ്രമമാണ് എയര്‍ ഇന്ത്യ നടത്തുന്നത്’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

30 ദിവസത്തേക്കായിരിക്കും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക. യുഎസ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിലക്ക് മാറ്റിയാല്‍ ഈ നിരോധനം നീക്കുന്നത് പരിഗണിക്കാമെന്നും ഡിഒടി അറിയിക്കുന്നു. അതല്ലെങ്കില്‍ ഇത് നീട്ടാനാണ് സാധ്യത.നേരത്തേ, ചൈനയ്‌ക്കെതിരെയും ഡിഒടി ഈ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top