യുഎന്‍ സഭ സ്ഥിരാംഗത്വ വിഷയത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കന്‍ പിന്തുണ

വാഷിംഗ്ടണ്‍: ‘ആഗോള പങ്കാളി’കളായ ഇന്ത്യയും അമേരിക്കയും ആണവനിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആഹ്വാനവുമായി യുഎസ് മുതിര്‍ന്ന ഉദ്യോഗസ്ഥ. കൊറിയന്‍ പെനിന്‍സുലയിയെ ലക്ഷ്യമിട്ടാണ് സഹകരണം മെച്ചപ്പെടുത്താനുള്ള ആഹ്വാനവുമായി അമേരിക്ക മുന്നോട്ട് വന്നിരിക്കുന്നത്. ഇതേവിഷയത്തില്‍ ഇന്ത്യന്‍ പ്രതിനിധികളും അമേരിക്കന്‍ നേതാക്കളും യുഎന്‍ യോഗത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏഷ്യന്‍ മേഖലയുടെ ചുമതലയുള്ള ആലിസ് വെല്‍സാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആണവ നിരായുധീകരണം മാത്രമല്ല, അഫ്ഗാന്‍ വിഷയത്തിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒന്നിച്ച് നില്‍ക്കണമെന്ന് നേതാക്കള്‍ ധാരണയുണ്ടാക്കി.

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ സ്ഥിരാംഗത്വത്തിന് ശ്രമിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രംഗത്ത് വരുന്നത്. ഡല്‍ഹിയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ന്യൂയോര്‍ക്കിലേത്.

ഇന്തോ-പസഫിക് മേഖലിലെ പ്രവര്‍ത്തനങ്ങളും അഫ്ഗാന്‍ വിഷയങ്ങളിലും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോകണമെന്നാണ് സജീവമായ നില്‍ക്കുന്ന ചര്‍ച്ചകള്‍. മാലിദ്വീപിലെ ജനാധിപത്യ സംഭവ വികാസങ്ങളെ ഇരുവരും ഒരേ പോലെ പിന്തുണയ്ക്കുന്നവരാണെന്നും വെല്‍സ് ചൂണ്ടിക്കാട്ടി.

മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ തെരഞ്ഞെടുപ്പ് വിജയിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് അഭിനന്ദിച്ചിരുന്നു. മാലിദ്വീപ് ജനങ്ങളുടെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന ഇച്ഛാശക്തിയെ അമേരിക്കയും പ്രശംസിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍, നവീകരിച്ച യുഎന്‍ സുരക്ഷാ കൗണ്‍സിലിലും, ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിലും തുടങ്ങി മറ്റ് നിരവധി സ്ഥാപനങ്ങളിലും സ്ഥിരാംഗത്വത്തിനായി ഇന്ത്യക്ക് പിന്തുണ നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം നിരവധി തവണ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോര്‍ക്കിലെ ഇത്തവണത്തെ സമ്മേളനത്തില് ട്രംപ് ഇന്ത്യയെ പ്രശംസിച്ചതും ഇന്ത്യയുമായി ഇന്ധന സഹകരണം മെച്ചപ്പെടുത്തുന്നതില്‍ താല്‍പ്പര്യമുണ്ടെന്നും അറിയിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു എന്ന സൂചനകളാണ് മോദി കാലയളവില്‍ കാണാന്‍ സാധിക്കുന്നത്.

ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ആരോഗ്യം, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ പല വിഷയങ്ങളിലും ആഗോള നേതൃത്വ നിരയിലേയ്ക്ക് ഇന്ത്യയെ വളര്‍ത്തിയിട്ടുണ്ടെന്നാണ് സമീപകാലത്ത് ലോക നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

Top