ചൈനയ്ക്കെതിരെ നയതന്ത്ര ബഹിഷ്ക്കരണം നടത്തണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ നയതന്ത്രപരമായ ബഹിഷ്ക്കരണം നടത്തണമെന്ന് അമേരിക്കന്‍ ഹൗസിന്‍റെ സ്പീക്കര്‍ നാന്‍സി പെലോസി. ചൈനയുടെ സിന്‍ജിയാംഗ് മേഖലയിലെ  മനുഷ്യത്വരഹിതമായ അടിമപ്പണികള്‍ക്കെതിരെ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയുമുണ്ട്. എന്നാല്‍ കായികരംഗത്തെ വിശേഷ ഇനമായ ശൈത്യകാല ഒളിമ്പിക്സിനെതിരെ കൃത്യമായ തീരുമാനം ഇനിയും രാജ്യങ്ങള്‍ എടുത്തിട്ടില്ല. അതിനാല്‍ നയതന്ത്രപരമായിട്ടെങ്കിലും ചൈനയ്ക്കെതിരെ ബഹിഷ്ക്കരണം നടത്തി പ്രതിഷേധം അറിയിക്കണമെന്നാണ് നാന്‍സി പെലോസി സഭാസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ഒരു മനുഷ്യസമൂഹത്തെ മുഴുവന്‍ ചൈന പീഡിപ്പിക്കുകയാണ്. വ്യാപാര വാണിജ്യരംഗത്തും പ്രതിരോധരംഗത്തും ലോകരാജ്യങ്ങള്‍ എതിര്‍പ്പ് ഉപരോധത്തിലൂടെ നടപ്പാക്കുന്നുണ്ട്. ഹോങ്കോംഗ് വിഷയത്തിലും ചൈനയുടെ നിലപാടിനെ എല്ലാവരും എതിര്‍ക്കുന്നു. എന്നാല്‍ കായികമേഖലയില്‍ കൂട്ടായ തീരുമാനം വരാത്തതിനാല്‍ അമേരിക്ക നയതന്ത്രപരമായ ബഹിഷ്ക്കരണത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നാന്‍സി പെലോസി ചൈനാ വിരുദ്ധപ്രമേയത്തെ അധികരിച്ച് തന്‍റെ നയം വ്യക്തമാക്കി.

 

Top