വിമാനത്തില്‍ വച്ച് യുവതിയോട് മോശമായി പെരുമാറി; പ്രതിക്ക് തടവ് 9 വര്‍ഷം

വാഷിങ്ടണ്‍: വിമാനത്തില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയതിന് യുവാവിന് ശിക്ഷ. സഹയാത്രികയോട് മോശമായി പെരുമാറിയതിന് തമിഴ്‌നാട് സ്വദേശി പ്രഭു രാമമൂര്‍ത്തിക്ക് അമേരിക്കയില്‍ ലഭിച്ചത് ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ. എച്ച്-1ബി വിസയില്‍ 2015ല്‍ യു.എസിലെത്തിയ യുവാവിന് ഡെട്രോയിറ്റ് ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജനുവരി മൂന്നിന് ലാസ്‌വെഗാസില്‍ നിന്നും ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഈ സമയത്ത് രാമമൂര്‍ത്തിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു.

പ്രോസിക്യൂഷന്റെ ആവശ്യം രാമമൂര്‍ത്തിക്ക് 11 വര്‍ഷത്തെ ശിക്ഷ നല്‍കണമെന്നായിരുന്നു എന്നാല്‍ കോടതി 9 വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷ ലഭിക്കുക എന്നുള്ളത് ഏതൊരു യാത്രക്കാരുടെയും അവകാശമാണ്. സഹയാത്രക്കാരോട് മോശമായി പെരുമാറുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല.

താന്‍ നേരിട്ട അനുഭവം തുറന്നുപറയാന്‍ അനുഭവസ്ഥ കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും യു.എസ് അറ്റോണി മാത്യൂ ശ്‌നൈഡര്‍ പറഞ്ഞു.

Top