ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഇറക്കിയത് എഫ്16! വേണ്ട ‘തീ കളി’യെന്ന് യുഎസ്

അംഗീകൃതമല്ലാത്ത ബേസുകളില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതിനെതിരെ പാകിസ്ഥാനെ ചോദ്യം ചെയ്ത് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ഇന്ത്യക്കെതിരെ പോരിനിറങ്ങിയ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ടതായി വ്യക്തമാക്കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് അനധികൃതമായി യുദ്ധവിമാനം ഉപയോഗിച്ചതിന്റെ പേരില്‍ പാകിസ്ഥാനെതിരെ കുറ്റം ചാര്‍ത്തി അമേരിക്ക കത്തയച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

യുഎസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ടാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുതിര്‍ന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ആന്‍ഡ്രിയ തോംസണാണ് പാകിസ്ഥാനി വ്യോമസേനാ മേധാവികള്‍ക്ക് താക്കീത് നല്‍കി കത്തയച്ചത്. ജമ്മു കശ്മീരില്‍ പാരാമിലിറ്ററി സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കവെയാണ് ഇന്ത്യ പാകിസ്ഥാനില്‍ കടന്നുകയറി വ്യോമാക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നല്‍കാന്‍ ശ്രമിക്കവെയാണ് പാക് എഫ് 16 യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടത്.

യുഎസ് യുദ്ധവിമാനങ്ങള്‍ വില്‍ക്കുമ്പോള്‍ ഒപ്പുവെച്ച കരാറിന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്ന് കുറ്റപ്പെടുത്തുന്നതാണണ് കത്ത്. ഫെബ്രുവരിയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഉപയോഗിച്ചത് എഫ്16 തന്നെയാണെന്ന് യുഎസ് ആശങ്കയാണ് ഇതോടെ പുറത്തുവരുന്നത്. യുഎസുമായുള്ള കരാറില്‍ പെടാത്ത ബേസുകളിലേക്കാണ് എഫ് 16കളും, അമേരിക്കന്‍ നിര്‍മ്മിത മിസൈലുകളും കൊണ്ടുപോയതെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പാക് വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന് അയച്ച കത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ഇന്ത്യന്‍ വാദങ്ങള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ച്ചില്‍ തന്നെ ശരിവെച്ചിരുന്നു. ഇതോടെ വിഷയത്തില്‍ പാകിസ്ഥാന് താക്കീത് നല്‍കിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എഫ്16 ഇന്ത്യ വെടിവെച്ചിട്ടത് അമേരിക്കയ്ക്കും നാണക്കേടായിരുന്നു.

Top