ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം; രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ച് ട്രംപ്

വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ എടുത്തുചാട്ടം നിയന്ത്രിക്കാന്‍ വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് ട്രംപ് വിമര്‍ശനമുന്നയിച്ചത്.

ഉദ്യോഗസ്ഥരുടെ നീക്കത്തെപ്പറ്റി, പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലേഖനം ന്യൂയോര്‍ക്ക് ടൈംസാണ് പ്രസിദ്ധീകരിച്ചത്. ഇതിനെ രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ച ട്രംപ്, അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ നിലവിലുണ്ടോ എന്നു സംശയമാണെന്നും അഥവാ ഉണ്ടെങ്കില്‍ രാജ്യസുരക്ഷ കണക്കിലെടുത്ത് അയാളുടെ പേരു വെളിപ്പെടുത്താന്‍ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്തുന്നത് ആ വ്യക്തിയെ കൂടുതല്‍ അപകടത്തിലാക്കുമെന്നും, വളരെ പ്രാധാന്യമുള്ള ഒരു നിരീക്ഷണം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമൊന്നും ഇല്ലായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് അധികൃതര്‍ പ്രതികരിച്ചു.

രാജ്യത്തോടാണ് പ്രഥമ ഉത്തരവാദിത്തമെന്നും, രാജ്യത്തിന് ആരോഗ്യകരമായ രീതിയിലല്ല പ്രസിഡന്റിന്റെ പ്രവര്‍ത്തനമെന്ന് ‘ട്രംപ് ഭരണകൂടത്തിനുള്ളിലെ പ്രതിരോധത്തിന്റെ ഭാഗമാണ് ഞാന്‍’എന്നലേഖനത്തില്‍ ലേഖകന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ എടുത്തുചാട്ടങ്ങളില്‍ നിന്നു ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ചെറുത്തുനില്‍പ്പുകളാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാത്ത പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ അനുമതി നല്‍കുന്ന ഭരണഘടനയുടെ 25-ാം വകുപ്പ് നടപ്പിലാക്കുന്നതിനെ കുറിച്ചും ചില ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ടത്തില്‍ നിശബ്ദമായി ആലോചിച്ചിരുന്നതായും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

Top