ചൈനയെ നോട്ടമിട്ട് ‘ക്വാഡ്’ പൊടിതട്ടിയെടുക്കും; മോദിയുടെ ഐഡിയയ്ക്ക് ട്രംപിന്റെ പിന്തുണ

പാകിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ അവരുമായി ചേര്‍ന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായാണ് സംയുക്ത പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇതോടൊപ്പം അനക്കമറ്റ് കിടന്ന ക്വാഡ് പദ്ധതിയും പൊടിതട്ടിയെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഇസ്ലാമിക തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളില്‍ നിന്നും രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രി മോദിയും, ഞാനും ഉറപ്പിച്ചിട്ടുണ്ട്. പാക് മണ്ണിലെ ഭീകരതയെ നേരിടാന്‍ യുഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊടൊപ്പം ക്വാഡ് പദ്ധതി പുനരുജ്ജീവിപ്പിക്കാനും ഞങ്ങള്‍ ഒരുങ്ങുകയാണ്’, ട്രംപ് പ്രഖ്യാപിച്ചു.

‘യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ അടങ്ങിയതാണ് ക്വാഡ്. ഞാന്‍ അധികാരമേറ്റ ശേഷം ക്വാഡിന്റെ ആദ്യ മന്ത്രിതല യോഗം നടന്നിരുന്നു. ഇതുവഴി തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, സമുദ്രസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും, ഇന്തോപസഫിക് തുറന്ന് സ്വതന്ത്രമാണെന്ന് ഉറപ്പിക്കാനും സാധിച്ചു’, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗിന്റെ ചുരുക്കപ്പേരാണ് ക്വാഡ്. സമുദ്രപാതകള്‍ സ്വതന്ത്രമാക്കി വെയ്ക്കാനാണ് നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കിയത്. ശതകോടികള്‍ ഇറക്കി ബെല്‍റ്റ് & റോഡ് പദ്ധതി വഴി മേഖലയെ അധീനതയിലാക്കാന്‍ ചൈന ശ്രമിക്കുകയാണ്. ക്വാഡ് കൂട്ടായ്മയെ ചൈന ചോദ്യം ചെയ്യുന്നതിനിടെ പദ്ധതി പാതിവഴിയില്‍ ഒതുങ്ങി.

ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ മുതല്‍ യുഎസിന്റെ പശ്ചിമ തീരങ്ങള്‍ വരെ ആസിയാന്‍ രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഇന്തോപസഫിക് മേഖലയെന്ന പ്രധാനമന്ത്രി മോദിയുടെ ആശയമാണ് യുഎസ് സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.

Top