അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയായ ‘കമാന്‍ഡറെ’ നാടുകടത്തി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയായ കമാന്‍ഡറിനെ വൈറ്റ് ഹൗസില്‍ നിന്ന് നീക്കം ചെയ്തു. രണ്ട് വയസുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായയെ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് മാറ്റിയെന്നാണ് വൈറ്റ് ഹൗസ് വക്താവ് ബുധനാഴ്ച അറിയിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 11 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് നടപടി.

‘വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയാണ് പ്രധാനം. കമാന്‍ഡര്‍ നിലവില്‍ വൈറ്റ് ഹൗസ് ക്യാമ്പസില്‍ ഇല്ല. കമാന്‍ഡറുടെ ലൊക്കേഷനെ കുറിച്ചോ നീക്കം ശാശ്വതമാണോ എന്നതിനെക്കുറിച്ചോ ഇപ്പോള്‍ പറയുന്നില്ല.’ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും നായ വൈറ്റ് ഹൗസിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു. ഉദ്യോഗസ്ഥന് വിദഗ്ദ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആശങ്കജനകമായിട്ടൊന്നുമില്ലെന്നും ഉദ്യോഗസ്ഥ മേധാവി അറിയിച്ചിരുന്നു.

2021ലാണ് കമാന്‍ഡര്‍ വൈറ്റ് ഹൗസിലെത്തിയത്. കമാന്‍ഡറിനൊപ്പം പ്രസിഡന്റും കുടുംബവും സമയം ചിലവിടുന്നതിന്റെ ധാരാളം ഫോട്ടോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. 11 പേരെ മാത്രമല്ല, അതിലേറെ പേരെ കമാന്‍ഡര്‍ കടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്തംബര്‍ 30നാണ് കമാന്‍ഡറെ അവസാനമായി വൈറ്റ് ഹൗസില്‍ കണ്ടതെന്നും പ്രസിഡന്റിന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്സിലെ ബാല്‍ക്കണിയിലായിരുന്നു അതെന്നും ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞു.

Top