‘പ്രതികാരം നിങ്ങളെ വിഴങ്ങാതിരിക്കട്ടെ, യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്’; ബൈഡൻ

ടെൽ അവീവ് : ഹമാസിനെതിരെ യുദ്ധം നടത്തുന്ന ഇസ്രയേലിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ സന്ദർശനത്തിനിടെയാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.

‘‘പ്രതികാരം നിങ്ങളെ വിഴങ്ങാതിരിക്കട്ടെ എന്നു ഞാൻ മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങൾ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്.’’– ബൈഡൻ പറഞ്ഞു.

ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ചൂറിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡൻ ഇസ്രയേലിലെത്തിയത്. സംഭവത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോ ബൈഡൻ സ്വീകരിച്ചത്. ‌ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അതീവ ദുഃഖിതനാണെന്ന് ജോ ബൈഡൻ പറഞ്ഞു. താൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇത് മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു.

വൻ സുരക്ഷാ വിന്യാസത്തിനിടെയാണു ബുധനാഴ്ച സന്ദർശനത്തിനായി ബൈഡൻ ടെൽ അവീവിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ബൈഡനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

Top