ഗസ്സയിലെ ആശുപത്രി ആക്രമണത്തില്‍ ഇസ്രായേലിന്റെ വാദങ്ങള്‍ ഏറ്റെടുത്ത് ബൈഡന്‍

ജെറുസലേം: ഗസ്സയിലെ ആശുപത്രി ആക്രമണത്തില്‍ ഇസ്രായേലിന്റെ വാദങ്ങള്‍ ഏറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഇതിന് പിറകില്‍ അവരായിരിക്കും, താങ്കളല്ല എന്ന് തോന്നുന്നു’ എന്നായിരുന്നു നെതന്യാഹുമായുള്ള സംഭാഷണത്തിനിടെ ബൈഡന്റെ പ്രതികരണം.

ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും എറെ രോഷം കൊള്ളിക്കുന്നെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് അക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവു എന്നും ബൈഡന്‍ നിര്‍ദേശിച്ചു. യുദ്ധവേളയില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍.

അതേ സമയം അറബ് നേതാക്കള്‍ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ സൈന്യമല്ലെന്നായിരുന്നു പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഗസ്സയിലെ തീവ്രവാദികള്‍ തന്നെയാണ് അതിന് പിന്നിലെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവര്‍ ഇപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.

ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.

Top