ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്; ഫെബ്രുവരി 24,25ന് ഇന്ത്യയിലെത്തും

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയിലെത്തും. ഫെബ്രുവരി 24നും 25നും ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന വിവരം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്.

‘പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതല്‍ 25 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കന്‍, ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും,’ വൈറ്റ് ഹൗസ് ട്വീറ്റിലൂടെ വ്യക്തമാക്കി.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.

Top