സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

donald trump

വാഷിങ്ടണ്‍: സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്. ദൗത്യം പൂര്‍ണം എന്നും ഫ്രാന്‍സിനും ബ്രിട്ടനും നന്ദി അറിയിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം രാസായുധം പ്രയോഗിക്കാന്‍ സിറിയ ഇനിയും മുതിര്‍ന്നാല്‍ വീണ്ടും വ്യോമാക്രമണത്തിന് തയ്യാറാണെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയോഗത്തില്‍ പറഞ്ഞിരുന്നു.

റഷ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. നൂറിലധികം മിസൈലുകളാണ് സിറിയയില്‍ സംയുക്ത സൈനിക നീക്കത്തില്‍ വര്‍ഷിച്ചത്. സൈനിക നടപടിക്കെതിരെ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ റഷ്യയുടെ നിലപാടിന് പക്ഷേ യു.എന്നില്‍ കാര്യമായ പിന്തുണ കിട്ടിയില്ല.

അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടിയെ അപലപിക്കണമെന്ന റഷ്യയുടെ പ്രമേയത്തെ ചൈനയും ബൊളീവിയയും മാത്രമാണ് പിന്തുമച്ചത്. ഇതോടെ 15 അംഗ രക്ഷാസമിതി പ്രമേയം തള്ളി.

Top