സൗദിയ്ക്കു പിന്തുണയറിയിച്ച് ട്രംപ് ; ഐഎസിനെ തുരത്തി സമാധാനം വീണ്ടെടുക്കും

വാഷിങ്ടന്‍ : മധ്യപൂര്‍വദേശത്തു നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്തി സമാധാനം വീണ്ടെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

സുരക്ഷാ ഭീഷണിക്കെതിരെയും പ്രതിരോധ സഹകരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പ്പെടെ മേഖലയിലെ പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദിഷ്ട സൗദി അറേബ്യ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന ഉച്ചകോടിയില്‍ 56 ഇസ്‌ലാമിക – അറബ് രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും.

മേഖലയിലെ ഇറാന്റെ കടന്നുകയറ്റം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയവയായിരിക്കും സൗദിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

സൗദി സന്ദര്‍ശനത്തിനുശേഷം ഇസ്രായിലേക്കു പോകുന്ന ട്രംപ് തുടര്‍ന്ന് വത്തിക്കാനിലേക്കും പോകും.

Top