ഇറാനെതിരെയുള്ള അമേരിക്കയുടെ ശക്തമായ ഉപരോധം തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍വരും

ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള അമേരിക്കയുടെ ശക്തമായ ഉപരോധം തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍വരും. ഇറാനുമേല്‍ അമേരിക്ക ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളത്.

‘വരുന്നൂ ഉപരോധം’ എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരാനിരിക്കുന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിന് തുടക്കമിട്ടത്. ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന ജനപ്രിയ ടി.വി. സീരിയലിന്റെ പരസ്യവാചകമായ ‘വിന്റര്‍ ഈസ് കമിങ്ങി’ന്റെ ബാനര്‍ മാതൃകയിലാണ് ട്രംപ് തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മേയില്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ശനമായ വ്യവസ്ഥകളോടെ ഉപരോധം പുനഃസ്ഥാപിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്.

ഇറാന്‍ ആണവക്കരാര്‍ നിലവില്‍വന്ന 2015-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഉപരോധവ്യവസ്ഥകള്‍ മയപ്പെടുത്തിയിരുന്നു, ഉപരോധ വ്യവസ്ഥകളില്‍ ഇളവുവരുത്തുന്നതിനുപകരമായി ഇറാന്‍ ആണവസമ്പുഷ്ടീകരണപദ്ധതികള്‍ നിര്‍ത്തിവെക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ.

Top