ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി കാത്തിരുന്ന് ക്രിക്കറ്റ് ലോകവും. . .

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ക്രിക്കറ്റ് ലോകവും കാത്തിരിക്കുകയാണ്. കാര്യം എന്താണെന്നല്ലേ? ട്രംപിന്റെ വരവോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഭാരതത്തിനു സ്വന്തമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ട്രംപും മോദിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കാള്‍ വലുതാണ് 1.10 ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്‌സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്‌സുകള്‍,4,000 കാറുകള്‍ക്കും 10,000 ബൈക്കുകള്‍ക്കും പാര്‍ക്കിംഗ്, ഇതാണ് സ്റ്റേഡിയത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങള്‍

54,000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്.700 കോടി ചെലവിലാണ് സ്റ്റേഡിയം പുതുക്കിപ്പണിതിരിക്കുന്നത്.

12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായിട്ടുള്ള മൊട്ടേര ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായിരുന്നു. 1982ലാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറിയത്.

സ്റ്റേഡിയം നിറയ്ക്കാനുള്ള ആളുകളെ എത്തിക്കാന്‍ മാത്രമായി 2,000 ബസുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്. മലയാളികളുടെ അടക്കം കലാപരിപാടികള്‍ കെംചോ ട്രംപ് പരിപാടിയില്‍ കാണാം. സ്റ്റേഡിയത്തിന്റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.

. ‘കെം ചോ, ട്രംപ്’ പരിപാടിക്ക് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുക്കുകയും മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിക്കാന്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെ 10 കിലോമീറ്റര്‍ ദൂരെയുള്ള റോഡ്‌ഷോയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Top