മഹാത്മാ ഗാന്ധിയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമര്‍പ്പിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: മഹാത്മ ഗാന്ധിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങി അമേരിക്ക. യുഎസ് പ്രതിനിധി സഭയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നാല് ഇന്ത്യന്‍ വംശജര്‍ അടങ്ങുന്നതാണ് അമേരിക്കന്‍ പ്രതിനിധി സഭ. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിന്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായിട്ടാണ് അദ്ദേഹത്തിന് മരണാനന്തര ബഹുമതി നല്‍കുന്നത്.

കരോളിന്‍ മലോണിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ആദ്യം സഭയില്‍ അവതരിപ്പിക്കുന്നത്. അമി ബേരാ, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണ് ഇതിന് പിന്തുണയുമായി എത്തിയ ഇന്ത്യന്‍ വംശജര്‍.

നിര്‍ദ്ദശം സാമ്പത്തിക കമ്മറ്റിയ്ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഹൗസിനും കൈമാറിയിരിക്കുകയാണ്. കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ എന്നത് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ്. വളരെക്കുറച്ച് വിദേശികള്‍ക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളത്‌. മദര്‍ തെരേസ (1997), നെല്‍സണ്‍ മണ്ടേല (1998), പോപ്പ് ജോണ്‍പോള്‍ 2 (2000), ദലൈലാമ (2006), ആങ് സാങ് സൂചി (2008), മുഹമ്മദ് യൂനസ് (2010), ഷിമോണ്‍ പെരേസ് (2014) എന്നിവരാണ് ബഹുമതി നേടിയ വിദേശികള്‍.

‘ മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ സമരം ലോകത്തിന് അഹിംസാ മാര്‍ഗ്ഗം പരിചയപ്പെടുത്തിയ ഏറ്റവും ചരിത്രപരമായ കാര്യമാണ്. നിസ്വാത്ഥ പ്രവര്‍ത്തനത്തിന് ലോകത്തിന് നല്‍കിയ മാതൃകയാണ് അദ്ദേഹം’ മലോണി പറഞ്ഞു.

മാര്‍ട്ടില്‍ ലൂഥര്‍ കിംഗും നെല്‍സണ്‍ മണ്ടേലയും എല്ലാം സമാനമായ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരാണ്. പൊതു പ്രവര്‍ത്തിയെന്ന നിലയില്‍ മഹാത്മാ ഗാന്ധി തനിയ്ക്ക് എന്നും വലിയ പ്രചോദനമാണെന്ന് മലോണി കൂട്ടിച്ചേര്‍ത്തു.

150-ാം ഗാന്ധി ജയന്തി ആഘോഷിക്കുന്ന വേളയില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ ലോകം പിന്തുടരണമെന്നും സമാധാനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അനുസ്മരിക്കണമെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.

Top