യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നാളെ കിരീടപ്പോരാട്ടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സില്‍ നാളെ ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്, ഓന്‍സ് ജാബ്യൂറിനെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് കലാശപ്പോരാട്ടം. ചരിത്രം കുറിക്കാന്‍ ഇഗ ഷ്വാന്‍ടെക്കും ഓന്‍സ് ജാബ്യൂറും. ലോക ഒന്നാം നമ്പറിന്റെ പകിട്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായാണ് ഇഗ, മൂന്നാം ഗ്രാന്‍സ്ലാം നേട്ടം ലക്ഷ്യമിട്ട് ഫ്‌ലാഷിംഗ് മെഡോസില്‍ ഇറങ്ങുന്നത്.

യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍- അറബ് വനിതയെന്ന നേട്ടത്തിലെത്തിയ ഓന്‍സ് ജാബ്യൂറിനാകട്ടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യം. വിംബിള്‍ഡണ്‍ ഫൈനലില്‍ വീണ കണ്ണീര്‍ തുടയ്ക്കണം ടുണീഷ്യന്‍ താരത്തിന്. അറീന സബെലങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ഇഗ ഷ്വാന്‍ടെക് ഫൈനലിലെത്തിയത്. കരോലിന്‍ ഗാര്‍സ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഓന്‍സ് ജാബ്യൂര്‍ ഫൈനലില്‍ സീറ്റുറപ്പിച്ചത്.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരുവരും തുല്യശക്തികള്‍. നാല് മത്സരങ്ങളില്‍ രണ്ട് തവണ ഇഗയും രണ്ട് തവണ ജാബ്യൂറും ജയിച്ചു. ആര് ജയിച്ചാലും യുഎസ് ഓപ്പണിന് പുതിയ ചാംപ്യന്‍.

Top