യു എസ് ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്

ന്യുയോര്‍ക്: യു എസ് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നാലാം കിരീടം നേടി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോകോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനോട് ഏറ്റുമുട്ടിയാണ് നാലാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുളള സെറ്റുകള്‍ക്കാണ് മെദ്‌വദേവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (6-3,7-6,6-3).

ഓപ്പണ്‍ ഇറയില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാമുകള്‍ നേടുന്ന താരമെന്ന നേട്ടം ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി. മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരത്തിനുള്ള റെക്കോഡിന് ഒപ്പമെത്താന്‍ നാലാം കിരീട നേട്ടത്തിലൂടെ ജോക്കോവിച്ചിന് കഴിഞ്ഞു. 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. യുഎസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ് 36 കാരനായ ജോക്കോവിച്ച്. മെദ്‌വദേവിന് ഇത് അഞ്ചാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു. 2021ലെ ചാമ്പ്യനാണ് ഡാനില്‍ മെദ്‌വദേവ്. അന്നും ഫൈനലില്‍ ജോക്കോവിച്ചായിരുന്നു എതിരാളി. എന്നാല്‍ ഇത്തവണ ജോക്കോക്ക് മുന്നില്‍ മെദ്‌വദേവിന് പതറുകയായിരുന്നു.

സെമിഫൈനലില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്‍ കാര്‍ലസ് അല്‍കരാസിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് ഫൈനലില്‍ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവ് അല്‍കരാസിനെ കീഴടക്കിയത്.

Top