യുഎസ് ഓപ്പണ്‍ ടെന്നീസ്; സുമീത് നഗലിന്റെ അരങ്ങേറ്റം മോശമായില്ല

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം ഇന്ത്യന്‍ ടെന്നീസിലെ പുത്തന്‍ താരോദയം സുമീത് നഗല്‍ മോശമാക്കിയില്ല. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററെ നേരിട്ട നഗല്‍ പൊരുതിക്കീഴടങ്ങി. പുതുമുഖമായ നഗലിനെ തോല്‍പ്പിക്കാന്‍, ഇരുപത് ഗ്രാന്‍ഡ്സ്ലാം വിജയങ്ങളുടെ പെരുമയുള്ള ഫെഡെക്‌സിന് നാലു സെറ്റ് കളിക്കേണ്ടിവന്നു, സ്‌കോര്‍: 4-6, 6-1, 6-2, 6-4. നഗലിന്റെ പ്രതിഭാസ്പര്‍ശം കളിയുടെ പല ഘട്ടങ്ങളിലും വെളിവാക്കപ്പെട്ടു. മത്സരശേഷം നഗലിന് ഫെഡററിന്റെ പ്രശംസയും ലഭിച്ചു.

താളം തെറ്റിയ തുടക്കമാണ് ഫെഡററിന് ലഭിച്ചത്. മൂന്നാം ഗെയിമില്‍ ഫെഡററിന്റെ സര്‍വ് ഭേദിച്ച നഗല്‍ ഗാലറിയെ ഞെട്ടിച്ചു. ഉശിരന്‍ ഫോര്‍ഹാന്‍ഡുകള്‍ തൊടുത്ത നഗല്‍ വിന്നറുകളുമായി കളം നിറഞ്ഞു. ഒരിക്കല്‍ക്കൂടി ഫെഡററിന്റെ സര്‍വ് തട്ടിയെടുത്ത നഗല്‍ അനായാസം സെറ്റിലേക്ക് കുതിച്ചു. ഫെഡററിന്റെ 19 അനാവശ്യ പിഴവുകളും നഗലിനെ തുണച്ചു.

എന്നാല്‍ രണ്ടാം സെറ്റില്‍ ഫെഡറര്‍ സര്‍വ് മെച്ചപ്പെടുത്തി. കരുത്തുറ്റ റിട്ടേണുകളും നെറ്റിനരുകിലെ മികച്ച കളിയും സെറ്റ് ലോക മൂന്നാം നമ്പറിന്റെ വരുതിയില്‍ നിര്‍ത്തി. മൂന്നും നാലും സെറ്റുകള്‍ക്കും സമാന ഗതിയായിരുന്നു. നഗല്‍ പൊരുതിക്കളിച്ചെങ്കിലും തനതു ഫോമിലേക്കുയര്‍ന്ന ഫെഡറര്‍ രണ്ടര മണിക്കൂറിനുള്ളില്‍ മത്സരം പോക്കറ്റിലാക്കി രണ്ടാം റൗണ്ടിലേക്ക് നീങ്ങി. നഗലിനൊപ്പം മറ്റൊരു ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരനും ആദ്യ വട്ടത്തില്‍ പുറത്തേക്കു വഴിതേടി. ലോക അഞ്ചാം നമ്പര്‍ റഷ്യയുടെ ഡാനില്‍ മെദ്വെദെവാണ് പ്രജ്‌നേഷിന്റെ കഥകഴിച്ചത് (46, 16, 26)

അതേസമയം, പുരുഷ വിഭാഗത്തിലെ ഫേവറിറ്റും ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് അനായാസ ജയത്തോടെ പ്രയാണമാരംഭിച്ചു. ആദ്യ മുഖാമുഖത്തില്‍ സ്പാനിഷ് സ്റ്റാര്‍ റോബര്‍ട്ടോ കര്‍ബല്ലെസ് ബയേനയെ ദ്യോക്കോവിച്ച് 6-4, 6-1, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. വനിതകളിലെ മുന്‍ ജേതാക്കളുടെ പോരാട്ടത്തില്‍ അമെരിക്കയുടെ സെറീന വില്യംസ് റഷ്യന്‍ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയെ മുട്ടുകുത്തിച്ചു (61, 61). സര്‍വിലും റിട്ടേണിലും മികച്ചു നിന്ന സെറീന ഷറപ്പോവയ്ക്ക് യാതൊരു പഴുതും നല്‍കാതെ 59 മിനിറ്റില്‍ മത്സരം സ്വന്തം പേരിലെഴുതി.

ഷറപ്പോവയ്ക്കുമേല്‍ സെറീനയുടെ തുടര്‍ച്ചയായ 19ാം ജയമാണിത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രതിനിധി സാമന്ത സ്റ്റോസര്‍ ഒന്നാം റൗണ്ടില്‍ മടങ്ങി. റഷ്യയുടെ എകാതെറിന അലക്‌സാന്ദ്രോവയാണ് സ്റ്റോസറുടെ വഴിമുടക്കിയത് (61, 63). പുരുഷ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍, ജപ്പാന്റെ കെയ് നിഷികോരി എന്നിവരും ആദ്യ മത്സരങ്ങളില്‍ വിജയത്തിലെത്തിച്ചേര്‍ന്നു.

Top