യുഎസ് ഓപ്പണ്‍ ടെന്നീസ് : നൊവാക് ദോക്യോവിച്ച് സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നൊവാക് ദോക്യോവിച്ച് സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയിലേക്ക് എത്തിയത്. ആദ്യ സെറ്റ് 6- 3 ന് സ്വന്തമാക്കിയ ദോക്യോവിച്ച് പിന്നിടുള്ള സെറ്റുകളില്‍ 6 – 4 എന്ന സ്‌കോറിനാണ് പിടിച്ചെടുത്തത്.

നേരത്തെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യനും ഏഴാം സീഡുമായ മാരിന്‍ സിലിച്ച് തോറ്റ് പുറത്തായിരുന്നു. ജപ്പാന്‍ താരം കി നിഷികോരിയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സിലിച്ചിനെ വീഴ്ത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിലിച്ചിന്റെ തോല്‍വി. സ്‌കോര്‍ 2-6, 6-4, 7-6, 4-6, 6-4. 2014ലെ യുഎസ് ഓപ്പണ്‍ ചാംപ്യനാണ് സിലിച്ച്.

അതേസമയം വനിതകളില്‍ അമേരിക്കയുടെ മാഡിസണ്‍ കീസും സെമിയിലേക്ക് മുന്നേറി. അവസാന ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം കാര്‍ല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയയാണ് മാഡിസണ്‍ കീസിന്റെ മുന്നേറ്റം. സ്‌കോര്‍ 6-4, 6-3.

Top