യുഎസ് ഓപ്പണ്‍; നവോമി ഒസാക്കയ്ക്ക് മികച്ച തുടക്കം

ന്യൂയോര്‍ക്ക്: ഇടവേളയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാമില്‍ മടങ്ങിയെത്തിയ നവോമി ഒസാക്കയ്ക്ക് മികച്ച തുടക്കം. തിങ്കളാഴ്ച രാത്രി നടന്ന യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മേരി ബൗസ്‌കോവയെയായണ് നവോമി തറപറ്റിച്ചത്.

ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 87ാം റാങ്കുകാരിയായ ചെക്ക് താരം നിലവിലെ ചാമ്പ്യന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍: 6-4, 6-1. മത്സരത്തില്‍ 120 മൈല്‍ വേഗതവരെയുള്ള സെര്‍വുകളുതിര്‍ത്ത നവോമി ലഭിച്ച എട്ട് ബ്രേക്ക് പോയിന്റുകളും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മെയില്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ നടന്ന പ്രധനപ്പെട്ട നാല് ടൂര്‍ണമെന്റുകളിലും താരം പങ്കെടുത്തിരുന്നില്ല. മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ പിഴയിട്ടതോടെയാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയത്.

തന്റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്നായിരുന്നു ഒസാക്കയുടെ പ്രതികരണം. 2018ലെ യുഎസ് ഓപ്പണ് ശേഷം കടുത്ത മാനസിക സമ്മര്‍ദവും ഡിപ്രഷനും ഒസാക്ക അനുഭവിച്ചിരുന്നു.

അതേസമയം ടോക്യോ ഒളിമ്പിക്‌സില്‍ താരം കളത്തിലിറങ്ങിയെങ്കിലും മൂന്നാം റൗണ്ടില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരത്തിന് അടിതെറ്റി. ചെക്ക് റിപ്പബ്ലിക്കിന്റെ ലോക 42ാം നമ്പര്‍ താരം മാര്‍ക്കേറ്റ വൊന്‍ഡ്രോസോവയാണ് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് നവോമിയെ അട്ടിമറിച്ചത്.

 

Top