യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്; യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ബ്രിട്ടണ്‍ താരം സെമിയില്‍

യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡിട്ട് ബ്രിട്ടണ്‍ താരം. ബ്രിട്ടണിന്റെ 18കാരിയായ താരം എമ്മ റാഡുകാനുവാണ് ചരിത്രം കുറിച്ചത്. ഇന്നലെ യുഎസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് എമ്മ ചരിത്രത്തില്‍ ഇടം നേടിയത്. ആദ്യ 100 റാങ്കിനു പുറത്തു നിന്ന് യോഗ്യതാ മത്സരങ്ങള്‍ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.

ഇതോടെ യോഗ്യതാ മത്സരം കളിച്ച് ഗ്രാന്‍ഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് എമ്മ കുറിച്ചത്. പുരുഷ, വനിതാ ഗ്രാന്‍ഡ് സ്ലാമുകളില്‍ ഇത് ആദ്യമായാണ് യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു താരം സെമി കളിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പതിനൊന്നാം സീഡും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ബെലിന്ത ബെന്‍ചിചിനെ ആധികാരികമായാണ് എമ്മ കീഴടക്കിയത്. സ്‌കോര്‍ 6-3, 6-4. മത്സരത്തില്‍ ഉടനീളം തന്നെക്കാള്‍ മത്സരപരിചയമുള്ള ബെലിന്തയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ എമ്മയ്ക്ക് കഴിഞ്ഞു. സെമിയില്‍ ഗ്രീക്ക് താരം മരിയ സക്കാരിയാണ് എമ്മയുടെ എതിരാളി.

 

Top