ആദ്യമായി യുഎസിലേക്കുള്ള എണ്ണ കയറ്റുമതി കുവൈറ്റ് നിര്‍ത്തി

മനാമ : രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈറ്റ് നിര്‍ത്തി. ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കയറ്റുമതി നിര്‍ത്തലാക്കിയത്.

ഏഷ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അമേരിക്കയില്‍ ഒരു ബാരല്‍ എണ്ണയ്ക്ക് ലഭിക്കുന്നത് 79 ഡോളറാണ്. എന്നാല്‍, ഏഷ്യയില്‍ ബാരലിന് 80 ഡോളര്‍ ലഭിക്കും.

ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചശേഷം ഏഷ്യന്‍ വിപണിയില്‍ ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

1990ലെ ഇറാഖ് അധിനിവേശശേഷം അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി നിലച്ചിരുന്നു. 1992ലാണ് പുനരാരംഭിച്ചത്.

നിലവില്‍ കുവൈറ്റിന്റെ എണ്ണ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. 3.15 ദശലക്ഷം ബാരലാണ് കുവൈറ്റിന്റെ ഉല്‍പ്പാദനശേഷി. എന്നാല്‍, 2.785 ദശലക്ഷം ബാരലാണ് പ്രതിദിന ഉല്‍പ്പാദനം.

Top